വെടിവയ്പ്പ് രൂക്ഷമായതിനെ തുടർന്ന് മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് നിന്ന് ഇന്ത്യയിലേക്ക് കൂട്ട പലായനം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,000 മ്യാൻമർ പൗരന്മാരാണ് മിസോറാമിലെ അന്താരാഷ്ട്ര അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് പ്രവേശിച്ചതെന്നാണ് റിപ്പോർട്ട്. മ്യാൻമറിൽ ഭരണത്തിലിരിക്കുന്ന സൈന്യവും മിലിഷ്യ ഗ്രൂപ്പായ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സും (പിഡിഎഫ്) തമ്മിൽ വെടിവയ്പ്പ് നടന്നതായി മ്യാൻമറിലെ ചിൻ സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന ചമ്പായി ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണർ (ഡിസി) ജെയിംസ് ലാൽറിഞ്ചാന പിടിഐയോട് പറഞ്ഞു.
ഇന്തോ- മ്യാന്മാർ അതിർത്തി ഗ്രാമങ്ങളായ ഖൗമാവിയിലും റിഹ്ഖൗദറിലുമുള്ള രണ്ട് സൈനിക താവളങ്ങളെ പിഡിഎഫ് ആക്രമിച്ചതിന് പിന്നാലെയാണ് വെടിവയ്പ്പ് ശക്തമായത്. ഖൗമാവി, റിഹ്ഖാവ്ദർ, ചിന്നിലെ അയൽ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള 2,000ലധികം ആളുകൾ വെടിവയ്പ്പിനെത്തുടർന്ന് ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോർട്ട്. ഇവർ ചമ്പായി ജില്ലയിലെ സോഖാവ്തറിൽ അഭയം പ്രാപിച്ചതായും ലാൽറിഞ്ചാന പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെയാണ് മ്യാൻമർ സൈനിക താവളമായ റിഹ്ഖൗദർ മിലിഷ്യ സംഘം ഏറ്റെടുത്തത്. ഉച്ചയ്ക്ക് ശേഷം ഖൗമാവിയിലെ താവളവും അവർ ഏറ്റെടുത്തു. ഇതിന് പ്രതികാരമായി മ്യാൻമർ സൈന്യം തിങ്കളാഴ്ച ഖവിമാവി, റിഹ്ഖാവ്ദർ ഗ്രാമങ്ങളിൽ വ്യോമാക്രമണം നടത്തിയതായും അദ്ദേഹം പറഞ്ഞു. വെടിവയ്പ്പിൽ പരിക്കേറ്റ 17 പേരെ ചികിത്സയ്ക്കായി ചമ്പായിൽ എത്തിച്ചതായി ലാൽറിഞ്ചാന പറഞ്ഞു. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സോഖാവ്തറിൽ താമസിച്ചിരുന്ന 51 കാരനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
പിഡിഎഫിന്റെ ഭാഗമായിരുന്ന ചിൻ നാഷണൽ ആർമിയുടെ (സിഎൻഎ) അഞ്ച് സൈനികർ വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി സോഖൗതർ വില്ലേജ് കൗൺസിൽ പ്രസിഡന്റ് ലാൽമുൻപുയ പിടിഐയോട് പറഞ്ഞു. മ്യാൻമറിൽ നിന്നുള്ള 6,000ത്തിലധികം ആളുകൾ വെടിവയ്പ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ സോഖാവ്തറിൽ താമസിച്ചിരുന്നതായി ലാൽമുൻപുയ പറഞ്ഞു.
2021 ഫെബ്രുവരിയിൽ ജുന്ത അധികാരത്തിലെത്തിയപ്പോഴാണ് പിടിച്ചെടുത്തപ്പോഴാണ് അക്രമങ്ങൾക്ക് തുടക്കമായത്. അതിനുശേഷം, മ്യാൻമറിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ വടക്കുകിഴക്കൻ സംസ്ഥാനത്ത് അഭയം പ്രാപിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കണക്കുകൾ പ്രകാരം 31,364 മ്യാൻമർ പൗരന്മാരാണ് ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസിക്കുന്നത്. മറ്റുള്ളവർ അവരുടെ ബന്ധുക്കളുടെ കൂടെയും ചിലർ വാടക വീടുകളിലും താമസിക്കുന്നു.