Advertisment

അമേരിക്കയിൽ ഗർഭിണിയെ വെടിവെച്ച സംഭവം: ഭർത്താവിനെതിരെ നരഹത്യ കുറ്റം ചുമത്തി പൊലീസ്

കൊലപാതകശ്രമം, ഗർഭസ്ഥ ശിശുവിനെ മനപ്പൂർവ്വം നശിപ്പിച്ച നരഹത്യ എന്നിവ ഉൾപ്പെടെ രണ്ടു കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്.

New Update
malayali-woman-meera.jpg

ഷിക്കാഗോ: അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിയെ വെടിവെച്ച സംഭവത്തിൽ ഭർത്താവ് അമൽ റജിക്കെതിരെ ഷിക്കാഗോ പൊലീസ് കുറ്റം ചുമത്തി. കൊലപാതകശ്രമം, ഗർഭസ്ഥ ശിശുവിനെ മനപ്പൂർവ്വം നശിപ്പിച്ച നരഹത്യ എന്നിവ ഉൾപ്പെടെ രണ്ടു കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുള്ള കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും കണ്ടെത്തി.

പോയിന്റ് ബ്ലാങ്കിലാണ് അമൽ റെജി ഭാര്യ മീരയ്ക്ക് നേരെ വെടിയുതിർത്തത്. മൂന്ന് മാസം ഗർഭിണിയായ മീരയുടെ വാരിയെല്ലിനും താടിയിലും വെടിയേറ്റു. ആന്തരിക രക്തസ്രാവമുണ്ടായി. ഗർഭാശയത്തിൽ കിടന്ന് കുട്ടി മരിച്ചതോടെ ഗർഭസ്ഥ ശിശുവിനെ മനപ്പൂർവ്വം നശിപ്പിച്ച നരഹത്യ കുറ്റവും വധശ്രമവുമാണ് ഏറ്റുമാനൂർ സ്വദേശി കൂടിയായ അമൽ റെജിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഭാര്യ മീരയും അമൽ റജിയും തമ്മിൽ തർക്കമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിസരവാസികൾ ഇതേക്കുറിച്ച് അറിയാതിരിക്കാൻ ഇരുവരും ഒരേ കാറിൽ വീടിനുള്ളിൽ നിന്ന് പുറത്തേക്ക് പോയി. അൽഗോൻഗ്വീൻ റോഡിലൂടെ നീങ്ങിയ കാറിനുള്ളിലും തർക്കം രൂക്ഷമായി. അതിനിടെയാണ് പിൻസീറ്റിലിരുന്ന ഭാര്യ മീരയെ കൈത്തോക്കെടുത്ത് അമൽ റെജി വെടിവെച്ചത്. തുടർന്ന് വാഹനം ചിക്കാഗോ അൽഗോൻഗ്വീൻ റോഡിലുള്ള സെന്റ് സക്കറി പള്ളിയുടെ പാർക്കിംഗ് സ്ഥലത്തേക്ക് മാറ്റിയിട്ടു. അവിടെയുണ്ടായിരുന്ന ആളോട് എമർജൻസി സർവിസിനെ വിളിക്കാൻ അമൽ റെജി ആവശ്യപ്പെടുകയായിരുന്നു. മീരയെ വെടിവയ്ക്കാനുപയോഗിച്ച കൈത്തോക്ക് കാറിനുള്ളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

#us
Advertisment