/sathyam/media/media_files/FiZfL4W2zo5ZikmXmh2k.jpg)
വാഷിംഗ്ടണ്‍: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് നിജ്ജാറിന്റെ കൊലപാതകത്തില്‍ കാനഡ നടത്തുന്ന അന്വേഷണത്തെ പിന്തുണച്ച് അമേരിക്ക. അന്വേഷണവുമായി ഇന്ത്യ സഹകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. വസ്തുതകള്‍ പുറത്തുവരണമെന്നും ഇക്കാര്യത്തില്‍ ഇന്ത്യയുമായി സംസാരിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി. ആരോപണം അതീവ ഗൗരവമുള്ളതാണ്. ഇന്ത്യ ഉത്തരവാദിത്തം കാണിക്കണമെന്നും ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു.
അതേസമയം നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി നേരത്തെ സംസാരിച്ചതാണെന്ന് കാനഡ അവകാശപ്പെട്ടു. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ആഴ്ച്ചകള്‍ക്ക് മുമ്പെ ഇന്ത്യയെ ധരിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ആരോപിച്ച കാര്യങ്ങള്‍ ഇന്ത്യയെ അറിയിച്ചിരുന്നു. ഒരുമിച്ച് നീങ്ങാനാണ് ശ്രമിച്ചത്. സത്യം പുറത്ത് വരേണ്ടതുണ്ടെന്നും ട്രൂഡോ വ്യക്തമാക്കി.
വിഷയത്തില്‍ നിലപാട് കടുപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. കാനഡയുടെ ആരോപണങ്ങള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കും. യുഎന്‍ പൊതുസഭയില്‍ വിഷയം അവതരിപ്പിക്കും. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎന്നില്‍ സംസാരിക്കും. തെളിവ് പുറത്തുവിടണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടു.
കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച നടപടി ഉടന്‍ പുനഃരാരംഭിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ. കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കില്ലെന്ന് ഇന്ത്യ അറിയിച്ചു. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയന്‍ പൗരന്മാര്‍ക്കു വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇ- വിസ അടക്കം ഒരു തരത്തിലുള്ള വിസയും അനുവദിക്കില്ലെന്നാണ് തീരുമാനം. മൂന്നാമതൊരു രാജ്യം വഴിയും കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ ലഭിക്കില്ല.