ഒട്ടാവ: വലിയ രാജ്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാല്‍ ലോകം മുഴുവനാണ് അതിന്‍റെ അപകടം നേരിടേണ്ടി വരുക എന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ. 40 കനേഡിയന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത് വിയന്ന കണ്‍വന്‍ഷന്‍റെ ലംഘനമാണെന്ന ആരോപണം ആവര്‍ത്തിച്ചുകൊണ്ടാണ് പരാമര്‍ശം.
''ഒരു കനേഡിയന്‍ പൗരന്‍ ക്യാനഡയുടെ മണ്ണില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഗവണമെന്‍റിന്‍റെ ഏജന്‍റുമാര്‍ക്കു പങ്കുണ്ടായിരുന്നു എന്ന വിശ്വസ്തമായ ആരോപണം തുടക്കത്തില്‍ തന്നെ ഞങ്ങള്‍ ഇന്ത്യയെ അറിയിച്ചിരുന്നതാണ്. ഈ വിഷയം ആഴത്തില്‍ പരിശോധിക്കണമെന്നായിരുന്നു ഞങ്ങളുടെ ആവശ്യം'', അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യം യുഎസ് ഉള്‍പ്പെടെയുള്ള തങ്ങളുടെ സുഹൃദ് രാഷ്ട്രങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണെന്നും ട്രൂഡോ സമ്മതിച്ചു. ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ ക്യാനഡയില്‍ കൊല്ലപ്പെട്ടതാണ് ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
കനേഡിയന്‍ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ വിയന്ന കണ്‍വന്‍ഷന്‍ ലംഘിച്ചത് ഏറെ നിരാശാജനകമായി. കനേഡിയന്‍ പൗരന്‍റെ കൊലപാതകത്തിനു പിന്നില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ ഏജന്‍റുമാര്‍ക്കു പങ്കുണ്ടെന്നു വിശ്വസിക്കാന്‍ തങ്ങള്‍ക്കു മതിയായ കാരണങ്ങളുണ്ടെന്നും ട്രൂഡോ.