Advertisment

ബിഡിജെഎസ് ഗുണം ചെയ്തു തുടങ്ങിയിട്ടില്ല. 'കുമ്മനം' പരീക്ഷണം നേട്ടമുണ്ടാക്കാനായില്ല. 2016 -ല്‍ നേമത്തുള്‍പ്പെടെ സിപിഎം വോട്ടുകളും കിട്ടി. കേരളത്തില്‍ മുഖ്യ ശത്രു സിപിഎമ്മാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അണികളെത്തിയാലേ ബിജെപി വളരൂ - ബിജെപിയുടെ കേരള പായ്ക്കേജിനേപ്പറ്റി ആര്‍എസ്എസ് നേതാവ് കെ.ആര്‍ ഉമാകാന്തന്‍റെ വെളിപ്പെടുത്തലുകളിങ്ങനെ - അഭിമുഖം രണ്ടാം ഭാഗം

author-image
nidheesh kumar
New Update

publive-image

Advertisment

വളര്‍ന്നു പന്തലിക്കേണ്ട വിവിധ ഘട്ടങ്ങളില്‍ കേരളത്തിലെ ബിജെപിക്ക് ആനുപാതികമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നത് ദേശീയ-സംസ്ഥാന നേതാക്കളൊക്കെയും സമ്മതിക്കുന്നുണ്ട്. ഏറ്റവും ദീര്‍ഘകാലം ബിജെപിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെആര്‍ ഉമാകാന്തനും വരികള്‍ക്കിടയിലൂടെ പറഞ്ഞുവയ്ക്കുന്നതും അതുതന്നെയാണ്.

ഇപ്പോള്‍ കേരളത്തിന്‍റെ ചുതലയിലേയ്ക്ക് ദേശീയ നേതാക്കളില്‍ കരുത്തനായ പ്രകാശ് ജാവദേക്കറെ ബിജെപി കൊണ്ടുവന്നിരിക്കുന്നതും അത്തരം ബലഹീനതകള്‍ പിഴുതുമാറ്റി സംഘടനയെ പോരാട്ട സജ്ജമാക്കാനാണ്. മുന്‍കാലങ്ങളില്‍ നടത്തിയ 'കുമ്മനം' പോലുള്ള പരീക്ഷണങ്ങളും വോട്ടിംങ്ങ് നിലയിലെ ചില നീക്കുപോക്കുകളും ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഉമാകാന്തന്‍. അഭിമുഖം രണ്ടാം ഭാഗത്തിലേയ്ക്ക്.

  • കോണ്‍ഗ്രസും സിപിഎമ്മും കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ സ്വാധീനമുള്ള പാര്‍ട്ടി. 120 ലധികം മണ്ഡ‍ലങ്ങളില്‍ വ്യക്തമായ സ്വാധിനം. സംസ്ഥാനത്ത് 40 മണ്ഡലങ്ങളില്‍ പോലും സ്വാധീനമില്ലാത്ത മുസ്ലിം ലീഗും കേരളാ കോണ്‍ഗ്രസും സിപിഐയുമൊക്കെ കാലങ്ങളായി നിയമസഭയില്‍ മോശമല്ലാത്ത അക്കൗണ്ടുള്ളവരാണ്. പക്ഷേ ഒറ്റയ്ക്കും പിന്നെ മുന്നണിയായുമൊക്കെ മത്സരിച്ചിട്ടും സ്വന്തം വോട്ടുബാങ്കുള്ള ഒ രാജഗോപാലിനപ്പുറം ഒരു അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത ഗതികേടിലാണല്ലോ കേരളത്തിലെ ബിജെപി ?

കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക ഘടനയുടെ ചില പ്രത്യേകതകള്‍ അതിനു കാരണമാകാം. മറ്റ് പാര്‍ട്ടികള്‍ക്കൊക്കെ ഉള്ള കമ്യൂണിറ്റി ബാങ്കിംഗ്‌ ഇവിടെ ബിജെപിക്കില്ല. കോണ്‍ഗ്രസിനു സവര്‍ണ ഹിന്ദുക്കള്‍, സിപിഎമ്മിന് ഈഴവ സമുദായം, ലീഗിന് മുസ്ലിം, കേരള കോണ്‍ഗ്രസിന് ക്രൈസ്തവ വിഭാഗങ്ങള്‍ എന്നിങ്ങനെ മത വിഭാഗങ്ങളുടെ ശക്തമായ പിന്തുണയുണ്ട്.

ബിജെപിയെ സംബന്ധിച്ച് ഹൈന്ദവ വിഭാഗത്തിന്‍റെ പിന്തുണയാണ് ആധാരം. അത് കേരളം മുഴുവന്‍ പടര്‍ന്നു കിടക്കുകയുമാണ്. ഒരു പ്രദേശത്ത് നിര്‍ണായക ശക്തിയാകാന്‍ തക്ക കോണ്‍സന്‍ട്രേഷന്‍ ഹൈന്ദവര്‍ക്കിടയിൽ ബിജെപിക്കില്ല.

ഈ സാഹചര്യത്തില്‍ ആ ഘടകങ്ങള്‍ അനുകൂലമായ കേരളത്തിലെ ഇരുമുന്നണികള്‍ക്കുമിടയില്‍ കൂടി മൂന്നാമതൊരു മുന്നണിക്ക് ഉയര്‍ന്നുവരാനുള്ള പ്രതിസന്ധികള്‍ ഉണ്ട്. അതാണ് ബിജെപി നേരിടുന്നത്. ഇതേ അനുഭവം മറ്റ് സംസ്ഥാനങ്ങളില്‍ സിപിഎമ്മും നേരിടുന്നുണ്ട്. അതാണ് കേരളത്തിന് പുറത്ത് സിപിഎം രക്ഷപെടാതെ പോകുന്നത്.


മറ്റൊന്ന്, ബൂത്തടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകളുണ്ട്. സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളിലും അപാകതകള്‍ കണ്ടേക്കാം. ഇതിനൊക്കെയിടയിലാണ് ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന വര്‍ഷങ്ങളായുള്ള പ്രചരണവും. അത് ജനങ്ങള്‍ കുറെയൊക്കെ വിശ്വസിച്ചിട്ടുമുണ്ട്. അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ബിജെപിയെ ബാധിച്ചിട്ടുണ്ട്.


  • താങ്കൾ സംഘടനാ ചുമതലയിൽ ഉണ്ടായിരുന്ന കാലഘട്ടത്തിൽ ആദ്യമായി കേരളത്തിൽ ബിജെപി അക്കൌണ്ട് തുറന്നു . 7 നിയമസഭാ മണ്ഡലങ്ങളിൽ രണ്ടാമതെത്തി . വോട്ട് ഷെയർ 15 ശതമാനത്തിനു മുകളിലെത്തി . പിന്നീട് ആ വിജയം ഉണ്ടായില്ല. എന്താണ് സംഭവിച്ചത് ?

ബിജെപിക്കും മറ്റ് പാര്‍ട്ടികള്‍ക്കുണ്ടാകുന്നതുപോലെ വോട്ടു വിഹിതത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്. സിപിഎമ്മിനും കോണ്‍ഗ്രസിനും ലീഗിനും മറ്റ് പാര്‍ട്ടികള്‍ക്കുമൊക്കെ അത് സംഭവിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകളില്‍ രണ്ട് രീതികളിലാണ് വോട്ടു ലഭിക്കുക. ഒന്ന് പാര്‍ട്ടി വോട്ട്. രണ്ട് ബഹുജന വോട്ടുകള്‍.


2016 -ല്‍ ബിജെപിയ്ക്ക് വോട്ട് വിഹിതം കൂടിയിരുന്നു. അന്ന് ചില പ്രത്യേക സാഹചര്യങ്ങളില്‍ നേമത്ത് ഉൾപ്പെടെ സിപിഎമ്മിന്‍റെ വോട്ടുകളും ഞങ്ങള്‍ക്ക് ലഭിച്ചു. ഒപ്പം അന്നത്തെ ബിജെപി പ്രചരണങ്ങളുടെയും സാധ്യതകളുടെയും അടിസ്ഥാനത്തില്‍ ബഹുജന വോട്ടുകളും കിട്ടി.


പിന്നത്തെ തെരഞ്ഞെടുപ്പുകളില്‍ അതുണ്ടായി കാണില്ല. അപ്പോള്‍ വോട്ട് വിഹിതം കുറഞ്ഞു. പക്ഷേ പാര്‍ട്ടി വോട്ടുകളുടെ വിഹിതത്തില്‍ കുറവുണ്ടായിട്ടില്ല. ജനാധിപത്യത്തില്‍ സ്ഥിരമായ ഒരു വോട്ട് ശതമാനം ആര്‍ക്കും ഉണ്ടാകാറില്ല എന്ന യാഥാര്‍ത്ഥ്യം ബിജെപിയുടെ കാര്യത്തില്‍ വരുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നതാണ് കൗതുകകരം.

നേമത്ത് അന്ന് ഒ രാജഗോപാലിന്‍റെ വിജയം ബിജെപി ബൂത്ത് തലത്തില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചപ്പോള്‍ സംഭവിച്ചതാണ്. മാത്രമല്ല, അന്ന് ബിഡിജെഎസിന്‍റെ വരവും നേമത്ത് ഗുണം ചെയ്തിട്ടുണ്ട്.

publive-image

  • 2016 ൽ ഏറ്റവും മികച്ച സംഘാടകൻ എന്ന നിലയിൽ താങ്കളും മത്സര രംഗത്ത് ഉണ്ടാകുമെന്നു കരുതിയിരുന്നു. താങ്കളും അതാഗ്രഹിച്ചിരുന്നു. പക്ഷെ സീറ്റുണ്ടായില്ല. മാത്രമല്ല തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 2 വർഷം കൂടി കാലാവധി ബാക്കിയുണ്ടായിട്ടും താങ്കളെ മാറ്റി. തെറ്റായിരുന്നില്ലേ തീരുമാനം ?

ചുമതലയില്‍ നിന്നും മാറ്റിയതല്ല, മാറിയതാണ്. എന്‍റെ ആരോഗ്യസ്ഥിതി അപ്പോഴേയ്ക്കും മോശമായിരുന്നു. അക്കാര്യം ഞാന്‍ നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ബിജെപിയുടെ ചുമതലകളില്‍ നിന്നും ആര്‍എസ്എസ് എന്നെ തിരിച്ചു വിളിക്കുന്നത്.

ഇലക്ഷനില്‍ മല്‍സരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. കാരണം ഇന്ത്യയില്‍ ഒരിടത്തും സംഘടനാ ചമുതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്ന പതിവില്ല.

  • ബിഡിജെഎസിന്റെ വരവ് ഗുണം ചെയ്തിട്ടുണ്ടോ ?

അതുവരെ ബിജെപിയ്ക്കെതിരെയുള്ള ആക്ഷേപം ഒരു സവര്‍ണ ഹിന്ദു പാര്‍ട്ടി എന്നതായിരുന്നു. ബിഡിജെഎസിന്റെ വരവോടെ അത് മാറി. പക്ഷേ ബിഡിജെഎസിന്‍റെ വോട്ട് വിഹിതം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ഗുണം ചെയ്തിട്ടില്ല.

എസ്എന്‍ഡിപിയുടെ ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് അത് ഗുണം ചെയ്തത്. എസ്എന്‍ഡിപിയിലെ ഒരു ചെറിയ ശതമാനം മാത്രമാണ് ഇപ്പോഴും ബിഡിജെഎസില്‍ എത്തിയിട്ടുള്ളത്. ഇപ്പോള്‍ അവരുടെ വോട്ട് വിഹിതം ചെറുതാണ്. പക്ഷേ ഭാവിയില്‍ മാറ്റമുണ്ടാകും. എങ്കിലും ബിഡിജെഎസ് എന്‍ഡിഎയ്ക്ക് ഒരു അസറ്റ് തന്നെയാണ്.

  • കേരളത്തിലെ ബിജെപിയില്‍ ശക്തരായ ഒരു രണ്ടാംനിര കുറെ നാളുകളായില്ല. അത് സുരേന്ദ്രനിലൂടെ, എംടി രമേശിലൂടെയൊക്കെ മുരടിച്ചു നില്‍ക്കുന്ന ഒരു സാഹചര്യം. എന്തുകൊണ്ട് ഒരു രാജഗോപാല്‍ ? എന്തുകൊണ്ട് ഒരു സികെപി - കൃഷ്ണദാസ് - മുരളീധരന്‍മാര്‍ ഉണ്ടാകുന്നില്ലിപ്പോള്‍. പകരം പുറത്തുനിന്ന് സുരേഷ് ഗോപിമാരെ ദത്തെടുക്കേണ്ടിവരുന്നു ?

സുരേഷ് ഗോപിയുടെ വരവിനെ ദൗർബല്യമായി വ്യാഖ്യാനിക്കേണ്ടതില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍കൊള്ളുന്നതിന്‍റെ ഭാഗമായി അത്തരം ചില തെരഞ്ഞെടുക്കലുകള്‍ ഉണ്ടാകാം. അതാണ് സുരേഷ് ഗോപിയുടെ കാര്യത്തിലുള്ളത്.

publive-image


കേരള ബിജെപിയില്‍ ശക്തരായ ഒരു രണ്ടാംനിര രൂപപ്പെട്ടു വരികയാണ്. പൊടുന്നനെ രണ്ടാം നിരയിലുണ്ടായിരുന്ന കെ. സുരേന്ദ്രന്‍, എംടി രമേശ് പോലുള്ളവര്‍ ഒന്നാം നിരയിലെത്തി. ഒരു നിരയും ഒരു സുപ്രഭാതത്തില്‍ പൊട്ടിമുളക്കുന്നതല്ല.


ഇപ്പോഴും ശക്തമായ ഒരു രണ്ടാം നിര രൂപപ്പെട്ടുവരുന്നുണ്ട്. സി കൃഷ്ണകുമാര്‍, സിന്ധുമോൾ, എസ് സുരേഷ്, വി വി രാജേഷ് എന്നിവരൊക്കെ ഇനി മികവ് തെളിയിച്ച് ശക്തരായി മാറേണ്ട നേതാക്കളാണ്. അവര്‍ക്ക് പാര്‍ട്ടി അവസരങ്ങള്‍ കൊടുക്കുകയും വേണം.

  • രാജഗോപാലിനു ശേഷം ബിജെപിയ്ക്ക് ലഭിച്ച ഒരു ജനകീയ മുഖമായിരുന്നു കുമ്മനം. കുമ്മനത്തെ ഉപയോഗപ്പെടുത്തുന്നതില്‍ ഒരു പാളിച്ച നേതൃത്വത്തിനുണ്ടായി എന്ന് തോന്നിയിട്ടുണ്ടോ ?

കുമ്മനം രാജശേഖരന് പാര്‍ട്ടി അധ്യക്ഷ പദവിയില്‍ ഒരു ബഹുജന നേതാവായി മാറാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന് അതിനുള്ള സാഹചര്യവും പാർട്ടിയിൽ ഉണ്ടായില്ല. കുമ്മനത്തിന്‍റെ വരവ് ആ സമയത്ത് ഗുണം ചെയ്തിട്ടുണ്ടെങ്കിലും നേതൃപദവിയുടെ വിശാലമായ തലത്തില്‍ അദ്ദേഹത്തിന് സ്വയം വളരാന്‍ കഴിഞ്ഞില്ലെന്നത് യാഥാര്‍ത്ഥ്യമാണ്.


കുമ്മനം ഒരു ഹിന്ദു മുഖമുള്ള നല്ല നേതാവാണ്. പക്ഷേ അതിനെ രാഷ്ട്രീയത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന പ്രക്രിയയാണ് സാധ്യമാകേണ്ടിയിരുന്നത്. സംസ്ഥാന അധ്യക്ഷ പദത്തില്‍ കുമ്മനത്തിന് അതിനു സാധിച്ചില്ല. രണ്ടും രണ്ട് പ്രവര്‍ത്തന രീതികളിലാണ്. ഒരു ബഹുജന രാഷ്ട്രീയ മുന്നേറ്റം ഏറ്റെടുക്കാനുള്ള സാഹചര്യം കുമ്മനത്തിനുണ്ടായില്ല എന്നതാണ് അദ്ദേഹത്തിന്‍റെ പ്രശ്നം .


publive-image

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പരിപാടികളനുസരിച്ച് നേതാക്കള്‍ സ്വയം വളരുകയും മറ്റുള്ളവരെ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യേണ്ടതാണ്. കുമ്മനം സ്വയം വളരേണ്ട ആളായിരുന്നു. അല്ലാതെ കുമ്മനത്തെ വളര്‍ത്താന്‍ ശേഷിയുള്ളവര്‍ പാര്‍ട്ടിയില്‍ വേണ്ടേ ?

  • പി പി മുകുന്ദനെപ്പോലൊരു ജനകീയ നേതാവ് പാർട്ടിക്ക് പുറത്ത് നിൽക്കുകയാണ്. എങ്ങും ചേക്കേറിയിട്ടില്ല. എന്നിട്ടും മടങ്ങിവരവ് കാലങ്ങളായി ചർച്ചയിലാണ്. വന്നിട്ടില്ല . മുകുന്ദൻ ചേട്ടനെ വേണ്ടേ ബിജെപിക്ക് ?

മുകുന്ദേട്ടന്‍ വരേണ്ടതില്ലെന്ന് ആരും തീരുമാനിച്ചിട്ടില്ല. ഞാനും അദ്ദേഹവുമൊക്കെ സംഘത്തിന്‍റെ പ്രചാരകരാണ്. തിരികെ വരാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടോ എന്നതാണ് പ്രധാന കാര്യം.

ഉണ്ടെങ്കില്‍ തീരുമാനം എടുക്കേണ്ടത് അഖിലേന്ത്യാ നേതൃത്വമാണ്. ബിജെപിയില്‍ ഏതെങ്കിലും ഒരു വ്യക്തിക്ക് വേറൊരാള്‍ വളരേണ്ടെന്ന് തീരുമാനിക്കാനാകില്ല. അതൊരു ടീം തീരുമാനിക്കുന്നതാണ്. ആ ടീമിന് ആവശ്യമുണ്ടെങ്കില്‍ വരും. ഇല്ലെങ്കില്‍ തിരസ്കരിക്കപ്പെടും.

  • കോണ്‍ഗ്രസിന്‍റെ ശാപവും ചിലരുടെ ഭാഷയില്‍ അവരുടെ സൗന്ദര്യവും ഗ്രൂപ്പുകളാണ് എന്ന് പറയുന്നവരുണ്ട്. പക്ഷേ ബിജെപിക്ക് ഇപ്പോഴും ഗ്രൂപ്പുകള്‍ ശാപമായി തുടരുകയാണല്ലോ. പരിഹാരമുണ്ടോ ?

ഏത് പാര്‍ട്ടിയും വളരുന്നത് എല്ലാത്തിനും മുകളിലായി ഒരു സുപ്രീം ലീഡര്‍ ഉണ്ടാകുമ്പോഴാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോഡി എന്ന സുപ്രീം ലീഡറുടെ വരവോടെയാണ് ബിജെപി രാജ്യം മുഴുവൻ വളര്‍ന്നു പന്തലിച്ചത്. കേരളത്തെ സംബന്ധിച്ച് ഇപ്പോഴും ഒരു സുപ്രീം ലീഡറില്ല. അതിനുള്ള കാത്തിരിപ്പ്

കേരളത്തില്‍ വേണ്ടിവരും.

  • കേന്ദ്രത്തിൽ ബിജെപിയുടെ മുഖ്യശത്രു കോൺഗ്രസാണ്. കേരളത്തിലോ ?

കേരളത്തില്‍ ബിജെപിയുടെ മുഖ്യശത്രു കോണ്‍ഗ്രസല്ല സിപിഎം ആണ്. ഐഡിയോളജിക്കലായി ബിജെപിയെ എതിര്‍ക്കുന്നത് സിപിഎം ആണ്. ബിജെപിയിലേയ്ക്ക് ആളുകള്‍ വരേണ്ടതും സിപിഎമ്മില്‍ നിന്നാണ്.


അതേസമയം സംഘടനാപരമായി കോണ്‍ഗ്രസും പ്രധാന ശത്രു തന്നെയാണ്. അതിനാല്‍ കോണ്‍ഗ്രസിനോടും മൃദു സമീപനം ഇല്ല. രണ്ടും ഒരേപോലെ എതിര്‍ക്കപ്പെടേണ്ട പാര്‍ട്ടികളാണ്. പക്ഷേ ആത്യന്തികമായ മുഖ്യ ശത്രു സിപിഎം തന്നെ.


സിപിഎം ഈ നാടിനു ചെയ്ത ഏറ്റവും വലിയ ദ്രോഹം ഭൂപരിഷ്കരണ നിയമമാണ്. കൃഷി നശിപ്പിച്ചത് ഈ നിയമമാണ്. ഉദാഹരണത്തിന് കുട്ടനാട്ടില്‍ മുരിക്കന്റെ എട്ടായിരം ഏക്കര്‍ പാടം പിടിച്ചെടുത്തു. പിന്നീട് അവിടെ ഒരു പറ നെല്ലുണ്ടാക്കാന്‍ കഴിഞ്ഞോ ? അവര്‍ സമരം ചെയ്തത് കര്‍ഷകര്‍ക്കെതിരെയാണ്. അതായിരുന്നു കേരളത്തിന്റെ കാർഷിക മേഖല നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി.

  • കേന്ദ്ര ഏജൻസികൾ കേരളത്തിൽ കൂകി പായുകയാണ്, മൂന്നാല് വർഷങ്ങളായി. ഒന്നും സംഭവിക്കുന്നുമില്ല. ആകെ പെട്ടത് കുറെ ചെറിയ പരൽ മീനുകൾ മാത്രം ?

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയല്ല. അത് നിയമപരമാണ്. കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത് അവരുടെ ജോലിയാണ്. അത് രാഷ്ട്രീയമല്ല. അന്വേഷണത്തില്‍ തെളിവില്ലെങ്കില്‍ ആർക്കെതിരെയും ഒന്നും ചെയ്യാനാവില്ല.

ഏത് നേതാവിനെതിരെ ആയാലും തെളിവില്ലെങ്കില്‍ നടപടി ഉണ്ടാകില്ല. തെളിഞ്ഞാല്‍ അത് ഏത് മുഖ്യമന്ത്രിക്കെതിരെ ആയാലും നടപടി ഉണ്ടാകും.

Advertisment