ക്രിക്കറ്റ്

ഐ.പി.എൽ: ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം; രണ്ടാം ക്വാളിഫയറിൽ ഇന്ന് ഡൽഹി-കൊൽക്കത്ത പോരാട്ടം

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 13, 2021

ദുബായ്: ഐ.പി.എല്ലിൽ ഇന്ന് ചെന്നൈയുടെ എതിരാളി ആരെന്ന് തീരുമാനിക്കുന്ന പോരാട്ടം. രണ്ടാം ക്വാളിഫയറിൽ ഡൽഹിയുടെ എതിരാളി കൊൽക്കത്തയാണ്. ആദ്യ ക്വാളിഫയറിൽ ധോണിയുടെ കരുത്തിൽ തോറ്റുപോയ ഋഷഭ് പന്തിനും കൂട്ടർക്കും ഇന്ന് ജയിച്ചാൽ സ്വപ്‌ന തുല്യമായ ഫൈനലാണ് കാത്തിരിക്കുന്നത്.

പാതിവഴി മുടങ്ങിയ ഇന്ത്യയിലെ സീസണിന്റെ തുടക്കത്തിൽ എല്ലാ മത്സരങ്ങളിലും ജയിച്ച് മുന്നേറിയ ഡൽഹിക്ക് ദുബായിൽ ഇന്ന് നിർണ്ണായക പോരാട്ടം. കൊൽക്കത്തയുമായി 29-ാം മത്സരമാണ് ഡൽഹി കളിക്കാൻ ഇറങ്ങുന്നത്. 15ലും ജയിച്ച ഡൽഹിക്കു തന്നെയാണ് മുൻതൂക്കം. 12 ജയമാണ് കൊൽക്കത്ത നേടിയത്. എന്നാൽ ഇത്ത വണ കൊൽക്കത്ത രണ്ടും കൽപ്പിച്ചാണ്.

മികച്ച ബാറ്റിംഗ് നിരയാണ് കൊൽക്കത്തയുടെ കരുത്ത്. ഒപ്പം ഒയിൻ മോർഗനെന്ന മികച്ച ക്യാപ്റ്റനും. ശിഖർ ധവാനും പൃഥ്വി ഷായും നയിക്കുന്ന ഓപ്പണിംഗാണ് ഡൽഹി എതിരാളികളുടെ ബൗളിംഗ് നിരയെ തകർക്കുന്നത്. മദ്ധ്യനിരയിൽ ശ്രേയസ്സ് അയ്യരും ഋഷഭ്പന്തും ടീമിന്റെ കരുത്താണ്.

എന്നാൽ സീസണിൽ മനംകവരുന്നത് ഷിംറോൺ ഹെറ്റമെയറുടെ തകർപ്പൻ ഫോമാണ്. കൊൽക്കത്തയുടെ തുറുപ്പുചീട്ട് ബാറ്റിംഗിലെ സ്ഥിരതയുടെ പര്യായമായ വെങ്കടേഷ് അയ്യരാണ്. കഴിഞ്ഞ മത്സരത്തിൽ ആർ.സി.ബിയെ തകർത്തുവിട്ട സുനിൽ നാരെയ്‌നും ലോകോത്തര ഓൾറൗണ്ടർ ഷാഖ്വിബ് അൽ ഹസനും ഡൽഹിക്ക് വെല്ലുവിളിയാണ്.

×