Advertisment

ഡിസംബർ ഒന്ന് മുതൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനാനുമതി; യാത്രക്കാർക്ക് അഞ്ചു ദിവസം ക്വറന്റൈൻ

New Update

publive-image

Advertisment

ജിദ്ദ: ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളുടെ മേലുള്ള യാത്രാ നിരോധനം സൗദി അറേബ്യ നീക്കുന്നു. നിലവിൽ ഈ രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് വരാനാകില്ല. യാത്രക്കാർ മൂന്നാമതൊരു രാജ്യത്ത് പതിനാല് ദിവസം ക്വറന്റൈനിൽ കഴിയണമെന്ന നിലവിലെ നിബന്ധന ഇതോടെ ഇല്ലാതാകും.

ഡിസംബർ ഒന്ന് ബുധനാഴ്ച (01:00) മുതൽ പുതിയ രീതി നടപ്പാവുകയെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച വൈകീട്ട് പ്രസ്താവിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനെ പശ്ചാത്തലത്തിലാണ് നിരവധി രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള യാതയ്ക്ക് സൗദി നിരോധനം ഏർപ്പെടുത്തിയിരുന്നത്.

ഇന്ത്യക്ക് പുറമെ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഈജിപ്ത്, ബ്രസീൽ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ മേലുള്ള യാത്രാ നിരോധനമാണ് ഡിസംബർ ഒന്ന് മുതൽ നീങ്ങുന്നത്. അതേസമയം, ഇവിടങ്ങളിൽ നിന്നുള്ളവർ സൗദിയിലെത്തിയാൽ അഞ്ചു ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റൈൻ ആചരിക്കണം. വിദേശങ്ങളിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും ക്വറന്റൈൻ ബാധകമാണ്.

എന്നാൽ, ഇങ്ങിനെയെത്തുന്നവർ സൗദിയിൽനിന്ന് രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവരാണെങ്കിൽ അവർക്ക് ക്വാറന്റീൻ വേണ്ടതില്ല. ഇതുൾപ്പെടെ ഏതാനും ഇളവുകൾ കൂടി അടങ്ങുന്നതാണ് വ്യാഴാഴ്ച ഇറങ്ങിയ പ്രസ്താവന. പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട സ്ഥിതിഗതികളും സംഭവ വികാസങ്ങളും നിരന്തരം അവലോകനം ചെയ്യുന്നതിന്റെയും വിവിധ കേന്ദ്രങ്ങളുടെ പഠനങ്ങളുടെയും അടിസ്ഥാനത്തിൽ സൗദിയിലെ ആരോഗ്യ വിഭാഗം സമർപ്പിക്കുന്ന ശുപാർശകളാണ് പുതിയ നിയന്ത്രണങ്ങളുടെയും ഇളവുകളുടെയും നിദാനം.

അതിനിയും തുടരും. അതോടൊപ്പം, കോവിഡ് സംബന്ധിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ പൂർണമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്രസ്താവന ഓർമ്മപ്പെടുത്തി. പുതിയ നടപടി സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള നിർദേശങ്ങളടങ്ങുന്ന സർക്കുലർ സൗദിയിൽ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ വിമാന കമ്പനികൾക്കും അയച്ചതായി സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അധികൃതർ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ യൂറോപ്പിലും, ഏഷ്യയിലും, ആഫ്രിക്കയിലുമുള്ള മൊത്തം 39 രാജ്യങ്ങളുമായുള്ള യാത്രാബന്ധം താൽകാലികമായി വിച്ഛേദിക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം 2020 മാർച്ച് രണ്ടാം വാരത്തിലാണ് തീരുമാനിച്ചിരുന്നത്.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, സ്വിസ്സർലാൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക, ഫിലിപ്പൈൻസ്, സുഡാൻ, ദക്ഷിണ സുഡാൻ, എത്യോപ്യ, ഐരിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ എന്നിവയാണ് നേരിട്ടുള്ള യാത്രാ ബന്ധം താത്കാലികമായി സൗദി അറേബ്യ നിർത്തിവെച്ച മറ്റു രാജ്യങ്ങൾ. ഇവരിൽ മിക്കാവാറും രാജ്യങ്ങളിലുമായുള്ള യാത്രാബന്ധം ഇതിനകം രണ്ടു ഘട്ടങ്ങളിലായി പുനഃസ്ഥാപിച്ചു കഴിഞ്ഞു.

Advertisment