അതിരൂക്ഷ മഴ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ തകര്‍ന്നു, തകർന്ന ഭാഗത്ത് വൻ സുരക്ഷ

New Update

publive-image

Advertisment

കണ്ണൂർ: രൂക്ഷ മഴയില്‍ കണ്ണൂര്‍ സെൻട്രല്‍ ജയിലിന്റെ സുരക്ഷാ മതില്‍ ഇടിഞ്ഞു വീണു. അതീവ സുരക്ഷാ മേഖലയായത് കൊണ്ട് തന്നെ തകര്‍ന്ന ഭാഗം താല്‍ക്കാലികമായി വളച്ചുകെട്ടിയിട്ടുണ്ട്.

പതിനഞ്ച് അടിയിലധികം ഉയരമുള്ള മതില്‍ 25 മീറ്ററോളം നീളത്തിലാണ് തകര്‍ന്നത്. പതിവ് പരിശോധനയുടെ ഭാഗമായി പാറാവുകാര്‍ തൊട്ടടുത്ത് ഉണ്ടായിരുന്ന സമയത്താണ് മതില്‍ തകര്‍ന്ന് വീണത്. ഇവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.

ഇതുകൂടാതെ രാത്രികാല പെട്രോളിങ് ശക്തമാക്കാനും കൂടുതല്‍ പാറാവുകാരെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ബുധനാഴ്ച്ച രാവിലെ ഏഴേകാലിനാണ് മതില്‍ തകര്‍ന്ന് വീണത്. 154 വര്‍ഷം പഴക്കമുള്ള മതിലാണ് തകര്‍ന്ന് വീണത്.

ജയില്‍ തടവുകാര്‍ ജോലി ചെയ്യുന്ന സ്ഥലമായതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തും. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കെ വി സുമേഷ് എം എല്‍ എ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു.

ജയില്‍ സുരക്ഷയ്ക്കായി അടിയന്തിര സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും കെ.വി സുമേഷ് എം. എല്‍. എ പറഞ്ഞു. തകര്‍ന്ന മതിലിനടുത്തായി സ്വകാര്യ വ്യക്തികളുടെ സ്ഥലവും വീടുകളും ഉണ്ട്.

മുന്‍കാലങ്ങളില്‍ ഇവിടെ നിന്നും കുറച്ച്‌ ദൂരത്തായി ലഹരിവസ്തുക്കള്‍ ഉള്‍പ്പെടെ ജയിലിനുള്ളിലേക്ക് എറിഞ്ഞു കൊടുത്ത സംഭവം ഉണ്ടായതും ജയിലധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുളള രാഷ്ട്രീയ തടവുകാരും, കാപ്പ മയക്കുമരുന്ന് കേസുകളിലെ പ്രതികളും ഇവിടെയാണ് കഴിയുന്നത്.

Advertisment