തളിപ്പറമ്പ്: വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണെന്നത് മറച്ച് വെച്ച് 17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തൃശൂർ അന്നക്കര സ്വദേശി വി. രതീഷിനെയാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്.
2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂർ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് കാറിൽ പറശ്ശിനിക്കടവിലെ സ്വകാര്യ ലോഡ്ജിൽ എത്തിക്കുകയും ഒന്നിലേറെ തവണ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പീഡനം നടന്നത് പറശ്ശിനിക്കടവിലായതിനെ തുടർന്ന്, തളിപ്പറമ്പ് പൊലീസിന് കേസ് കൈമാറുകയായിരുന്നു. അന്നത്തെ തളിപ്പറമ്പ് എസ്.ഐ കെ.ജെ. വിനോയ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്പെക്ടർ പി.കെ. സന്തോഷ് അന്വേഷണം നടത്തുകയും ഇൻസ്പെക്ടർ കെ. വിനോദ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
കേസിൽ രണ്ടാം പ്രതിയായിരുന്ന വിപിനിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി.