കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥിക്ക് നേരെ റാഗിങ്ങിന്റെ പേരിൽ ക്രൂര മർദനം. കണ്ണൂർ നഹർ ആർട്‌സ് ആൻഡ് സയൻസ് കോളജിലാണ് സംഭവം. ബിഎ ഇക്കണോമിക്‌സ് രണ്ടാം വർഷ വിദ്യാർത്ഥിയായ അൻഷാദിനാണ് മർദനമേറ്റത്. ചെക്കിക്കുളം സ്വദേശിയാണ് മർദനമേറ്റ അൻഷാദ്.
പെൺകുട്ടികളോട് സംസാരിക്കരുതെന്നും കയ്യിൽ പൈസയുണ്ടെങ്കിൽ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം. സിസിടിവി ക്യാമറയിൽ ഉൾപ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മർദിച്ച എല്ലാവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അൻഷാദ് കൂട്ടിച്ചേർത്തു.
സീനിയറായ 15ഓളം വിദ്യാർത്ഥികൾ ചേർന്ന് കോളജിലെ ശുചിമുറിയിൽ കയറ്റി മർദിക്കുകയായിരുന്നുവെന്ന് അൻഷാദ് പറഞ്ഞു. മർദനമേറ്റ അൻഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് കോളജ് മാനേജ്‌മെന്റിന്റെ പ്രതികരണം. കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ഒന്നരയാഴ്ച മുമ്പായിരുന്നു കോളജ് പുനരാരംഭിച്ചത്.