തലശ്ശേരി:വീട്ടിൽ വിശ്രമിക്കുന്ന സഹപാഠിയെ കാണാൻ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എത്തി. തലശ്ശേരി ബാറിലെ അഭിഭാഷകനും മുൻ പബ്ലിക് പ്രോസിക്യൂട്ടറും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസി ഡന്റുമായിരുന്ന കെ.ഡി ദേവസ്യയെ ജില്ലാ കോടതിക്കു സമീപത്തെ കൈതക്കയ്ക്കൽ വീട്ടിലെത്തി ഉമ്മൻചാണ്ടി കണ്ടു.
എറണാകുളം ലോ കോളജിൽ രണ്ടു പേരും ഒരുമിച്ചായിരുന്നു നിയമ പഠനം. അക്കാലത്ത് കെഎസ്‌യുവിന്‍റെ നേതാക്കളായിരുന്നു ഉമ്മൻചാണ്ടിയും ദേവസ്യയും. ഒട്ടേറെ വേദികളിൽ മറ്റു നേതാക്കൾക്കൊപ്പം ഇരുവരും പ്രസംഗിച്ചിട്ടുമുണ്ട്.
അക്കാലം മുതലുള്ള സൗഹൃദത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. വീട്ടിലെത്തിയ ഉമ്മൻ ചാണ്ടിയെ ദേവസ്യയും ഭാര്യ റോസമ്മയും മകൻ അഭിഭാഷകനായ അനിൽ ഡി. കൈതയ്ക്കലും ചേർന്നു സ്വീകരിച്ചു.
കണ്ടപാടെ അദ്ദേഹം ആരോഗ്യ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. കുടുംബ കാര്യങ്ങളും തിരക്കി. ഹൃദയ സംബന്ധമായ അസുഖത്തിനു ശസ്ത്രക്രിയയ്ക്കു ശേഷം ദേവസ്യ വീട്ടിൽ വി ശ്രമിക്കുകയാണ്.