എട്ടാം മാസം വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

ആംബുലൻസ് പൈലറ്റ് നൗഫൽ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റഷീദ്

കണ്ണൂർ: എട്ടാം മാസം വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. തളിപ്പറമ്പ് ചെറിയൂർ കുണ്ടിലപുരയിൽ അജീറിൻ്റെ ഭാര്യ ഫാത്തിമ (24) യാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

Advertisment

ചൊവ്വാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഫാത്തിമയ്ക്ക് പ്രസവവേദനയും രക്തസ്രാവവും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും ആംബുലൻസ് ലഭ്യമായില്ല. തുടർന്നാണ് കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്.

കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ഉടൻ തന്നെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് നൗഫൽ ടി.എം, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റഷീദ് എം എന്നിവർ ഉടനെ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിനു മുൻപ് തന്നെ ഫാത്തിമ കുഞ്ഞിന് ജന്മം നൽകി.

ഇതിനിടയിൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി. ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ റഷീദ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി. ഇടുങ്ങിയ വഴി ആയതിനാൽ വീട്ടുകാരുടെ കൂടി സഹായത്തോടെ 150 മീറ്ററോളം സ്ട്രെച്ചറിൽ ചുമന്നാണ് അമ്മയേയും കുഞ്ഞിനെയും റോഡിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിലേക്ക് മാറ്റിയത്.

തുടർന്ന് ആംബുലൻസ് പൈലറ്റ് നൗഫൽ അമ്മയെയും കുഞ്ഞിനെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതയി ബന്ധുക്കൾ അറിയിച്ചു. അജീർ ഫാത്തിമ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് ഇത്.

Advertisment