കണ്ണൂർ താവക്കര വെസ്റ്റ് അങ്കണവാടിയ്‌ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം; അങ്കണവാടി കുത്തിതുറന്ന് അക്രമി ആഹാരസാധനങ്ങൾ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കി കഴിച്ചു

New Update

publive-image

കണ്ണൂർ: അങ്കണവാടിയ്‌ക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. താവക്കര വെസ്റ്റ് അങ്കണവാടിക്കുനേരെയാണ് ആക്രമണമുണ്ടായത്. അങ്കണവാടിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയായിരുന്നു അതിക്രമം. അകത്തുകയറിയ അക്രമി ആഹാരസാധനങ്ങൾ എടുത്ത് കഞ്ഞിയും ഓംലറ്റും ഉണ്ടാക്കി കഴിക്കുകയും ചെയ്തു.

Advertisment

അങ്കണവാടിയ്‌ക്ക് അകത്തേയ്‌ക്ക് കയറുന്ന പടവുകളിൽ പതിച്ച ടൈലുകൾ അക്രമി ചെങ്കല്ല് ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലാണ്. ജനൽ ചില്ലുകൾ തകർക്കുകയും കമ്പികൾ വളച്ച് പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. താവക്കര വെസ്റ്റ് അങ്കണവാടിയ്‌ക്കു നേരെ ഇതിന് മുൻപും ആക്രമണം ഉണ്ടായിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് അക്രമം നടക്കുന്നത്. നേരത്തെ സെപ്റ്റംബർ 12-നും ഒക്ടോബർ ആറിനും അക്രമം നടന്നിരുന്നു.

ആദ്യ രണ്ട് തവണയും അകത്തുകയറിയ അക്രമി കഞ്ഞിവെച്ച് കഴിക്കുക മാത്രമാണ് ചെയ്തത്. ഇത്തവണയാണ് വ്യാപകമായ അക്രമം നടത്തിയതെന്ന് അങ്കണവാടി ജീവനക്കാർ പറഞ്ഞു. പഴയ അറവുശാല കെട്ടിടത്തിന്റെ ഒരു ഭാഗത്താണ് അങ്കണവാടി പ്രവർത്തിക്കുന്നത്. ഫൈബർ ഷീറ്റുകൊണ്ടുള്ള സീലിങ്ങ് പൊളിച്ചാണ് അക്രമികൾ അകത്ത് കടക്കുന്നത്. രണ്ട് പ്രവശ്യം സാമൂഹ്യ വിരുദ്ധർ അകത്ത് കടന്നതിനാൽ ആഹാരസാധനങ്ങൾ പ്രത്യേക മുറിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് വീണ്ടും അക്രമം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അക്രമം നടത്തിയതിന് പിന്നിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നത് വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സാധനങ്ങൾ മോഷണം പോയിട്ടില്ലെന്നും പോലീസ് അറിയിച്ചു. ഡോഗ് സ്‌ക്വഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.

Advertisment