കണ്ണൂരില്‍ റിസോര്‍ട്ട് ഉടമയുടെ മരണം: സുഹൃത്തുക്കള്‍ അറസ്റ്റില്‍

New Update

publive-image

കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ അറസ്റ്റില്‍. പള്ളത്ത് നാരായണന്‍, രജീഷ് അമ്പാട്ട് എന്നിവരെയാണ് പയ്യാവൂര്‍ അറസ്റ്റ് ചെയ്തത്. നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്. കള്ളത്തോക്ക് ഉപയോഗിച്ചതിനാണ് അറസ്റ്റ്. തോക്ക് താഴെ വീണ് അബദ്ധത്തില്‍ വെടിപൊട്ടിയപ്പോഴാണ് മരണം സംഭവിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി.

Advertisment

മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നായാട്ടിന് പോയതിനിടെയാണ് കാഞ്ഞിരക്കൊല്ലി സ്വദേശിയും അരുവി റിസോര്‍ട്ട് ഉടമയുമായ ബെന്നി നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ബെന്നിയും സുഹൃത്തുക്കളായ രജീഷും നാരായണനും നായാട്ടിനായി ഏലപ്പാറ വനത്തിലേക്ക് കയറിയത്.

വനത്തിലെ പാറപ്പുറത്ത് വിശ്രമിക്കുന്നതിനിടെ നായാട്ട് സംഘത്തിലുണ്ടായിരുന്ന നായ ഓടിയപ്പോള്‍ തോക്ക് പാറപ്പുറത്ത് നിന്ന് താഴെ വീണ് വെടിപൊട്ടിയെന്നാണ് കൂടെയുള്ളവര്‍ നല്‍കിയ മൊഴി. ഉടന്‍ ബെന്നിയെ സുഹൃത്തുക്കള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബെന്നിയുടെ വയറിലോണ് വെടിയേറ്റത്.

Advertisment