കണ്ണൂർ: പഴയങ്ങാടി മാട്ടൂലിൽ വീടിന് തീപിടിച്ച് 15 ലക്ഷം രൂപയുടെ നാശനഷ്ടം. മാട്ടൂൽ നോർത്ത് മൂസാക്കാൻ പള്ളിക്ക് സമീപത്തെ പ്രവാസി പി.പി. ആലി മുഹമ്മദിന്റെ ഇരുനില വീടാണ് അഗ്നിക്കിരയായത്.
തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികൾ ആണ് വീട്ടുകാരെ വിവരമറിയിച്ചത്. താഴത്തെ നിലയിലുണ്ടായിരുന്ന വീട്ടുകാർ ഭയന്ന് പുറത്തേക്കോടി. ഇതിനിടയിൽ ഒരു കുട്ടി മുറിക്കുള്ളിൽ അകപ്പെട്ടന്ന സംശയം പരന്നതോടെ വീട്ടുകാർ പരിഭ്രാന്തരായി. എന്നാൽ, പിന്നീട് കുട്ടിയെ വീടിന് പിറകുവശത്ത് നിന്ന് കണ്ടുകിട്ടി.
തീപിടിത്തത്തിൽ മുകൾ നിലയിലെ മൂന്ന് മുറികളിലെ ഫർണിച്ചർ ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവം അറിഞ്ഞ് അഗ്നിരക്ഷാസേന എത്തുമ്പോഴേക്കും നാട്ടുകാർ തീയണച്ചിരുന്നു.