കാസര്‍ഗോഡ്‌

കാസർഗോഡ് മൊബൈൽ കടയിൽ അതിക്രമം; ഏഴ് പൊലീസുകാർക്കെതിരെ കേസ്

ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Saturday, September 18, 2021

കാസർഗോഡ്: കാസർഗോഡ് ബായാർ പദവിലെ മൊബൈൽ കടയിൽ അതിക്രമം കാട്ടിയ ഏഴ് പൊലീസുകാർക്കെതിരെ കേസ്. കോടതി നിർദേശ പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെ തുടർന്നാണ് കടയുടമ കോടതിയെ സമീപിച്ചത്.

മാർച്ച് 25ന് രാത്രിയാണ് മഞ്ചേശ്വരം സ്റ്റേഷനിലെ പൊലീസുകാർ ബായാർ പദവിലെ മൊബൈൽ കടയിൽ കയറി ഉടമ ജവാദ് ആസിഫിനെ മർദ്ദിച്ചത്. മർദ്ദനത്തിൽ ജവാദിന്റെ കൈയ്ക്ക് പരിക്കേറ്റു. പൊലീസുകാർ മൊബൈൽ ഫോണുകളും വാച്ചും തകർത്തതിൽ ഒരു ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്നും കടയുടമ പറയുന്നു.

കാസർഗോഡ് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദേശിച്ചതിനെ തുടർന്നാണ് മാസങ്ങൾക്ക് ശേഷം ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഏഴ് പൊലീസുകാർക്ക് എതിരെയാണ് മഞ്ചേശ്വരം പൊലീസിന്റെ കേസ്.

സിസി ടിവി ദൃശ്യങ്ങൾ അടക്കമുണ്ടായിട്ടും പൊലീസ് കേസെടുക്കാൻ വിസമ്മതിക്കുകയായിരുന്നുവത്രെ. ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് കടയുടമ കോടതിയെ സമീപിച്ചത്.

×