കാസര്‍ഗോഡ്  63കാരനെ കൊന്ന് ചാക്കിലാക്കി കക്കൂസ് കുഴിയില്‍ തള്ളിയ സംഭവം; കൊലപാതകം മോഷണശ്രമത്തിനിടെ : അയൽവാസികള്‍ അറസ്റ്റിൽ

New Update

publive-image

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് സീതാംഗോളിയിലെ തോമസ് ക്രാസ്റ്റയെ (63) കൊന്ന് കക്കൂസ് കുഴിയില്‍ തള്ളിയ സംഭവത്തില്‍ അയല്‍വാസികളായ രണ്ട് പേര്‍ അറസ്റ്റില്‍.

Advertisment

തോമസ് ക്രാസ്റ്റയുടെ അയല്‍വാസി മുനീര്‍, ഇയാളുടെ ഭാര്യാ സഹോദരന്‍ അഷ്റഫ് എന്നിവരാണ് പിടിയിലായത്. സീതാംഗോളി സ്വദേശി തോമസ് ക്രാസ്റ്റയുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ചയാണ് കക്കൂസ് ടാങ്കില്‍ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പേ തോമസ് ക്രാസ്റ്റയെ കാണാതായിരുന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കർണാടകയിൽ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.

കൊലപാതകത്തിന് ശേഷം ചാക്കിൽ കെട്ടി അയൽവാസിയുടെ പറമ്പിലെ കക്കൂസ് കുഴിയിൽ തള്ളുകയായിരുന്നു. കുഴല്‍ക്കിണര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു തോമസിന്. അതുകൊണ്ട് തന്നെ ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ ഘട്ടത്തില്‍ അന്വേഷണം.

പിന്നീടാണ് അന്വേഷണ സംഘം പ്രതികളിലേക്കെത്തിയത്. തോമസ് ക്രാസ്റ്റ ഒറ്റക്കായിരുന്നു താമസം. ഈ സാധ്യത മുതലെടുത്താണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Advertisment