New Update
/sathyam/media/post_attachments/8AVa9nuHba6sJyDuFLnL.jpeg)
ഒരിക്കലും നമ്മൾ കാണുകില്ലായിരിക്കാം.
ഇതാ അവസാനത്തെ രാത്രിയിൽ അന്ത്യയാമത്തിൽ എന്റെ സ്വത്വമുടഞ്ഞു കിടക്കുന്ന ഈ കണ്ണാടിയിൽ നിന്റെ നിഴൽരേഖ ഞാൻ ദർശിക്കുന്നു.
Advertisment
ആയിരം തിരകൾക്കു മീതേ കത്തിനിൽക്കുന്ന നക്ഷത്രജൻമം പോലെ ശേതാശ്വരൂഢനായി എന്റെ ഹൃദയവനാന്തരം ചവിട്ടിമെതിച്ചു നീ കടന്നു പോകും.
നാം തമ്മിൽ അറിയുകില്ലായിരിക്കാം.
എങ്കിലും എന്നെ മറികടക്കുമ്പോൾ ഉല്ലാസത്തിന്റെ ആയിരം പ്രകാശരശ്മികളസ്തമിച്ച് ആഷാഢസൂര്യനെപ്പോലെ നീ നിശബ്ദനാകും.
എന്തിനെന്നറിയാതെ നിറയുന്ന നിന്റെ കണ്ണുകളിൽ നിന്ന് പ്രണയത്തിന്റെ രാപ്പക്ഷികളിറങ്ങി വരുന്നത് ഞാൻ കാണും.
നീയൊരിക്കലും എന്റെ അടുത്തേക്ക് വന്നതേയില്ല.
ദൂരെ മരനിരകൾക്കിടയിൽ നിന്റെ നിലാവെട്ടം മാഞ്ഞുപോകുമ്പോൾ പാഞ്ഞുവന്നു ചുംബിക്കുവാൻ എനിക്കു ചിറകുകളുണ്ടായിരുന്നില്ല.
നീയെനിക്ക് ആരായിരുന്നുവെന്ന് അറിയില്ല.
എന്നാൽ ഓർക്കുവാൻ മറ്റൊരാളില്ല.
നീയറിയാതെ നിന്റെ പ്രാണനിൽ ഞാനുണ്ടായിരുന്നിരിക്കണം.
ചിരിച്ചുലയുന്ന സൂര്യകാന്തിപ്പൂക്കളുടെ പിന്നിൽ ചിത്രകാരൻ അവ്യക്തമായി വരച്ച വിഷാദനീലത്തിന്റെ ആകാശംപോലെ
പറക്കും വഴിയിൽ മഞ്ഞുമൂടി മരിച്ച ദേശാടനക്കിളിയുടെ പുറത്തേക്കു കാണാവുന്ന നേർത്ത ചിറകറ്റം പോലെ
അകത്തേക്കു കടക്കാനാവാതെ അടച്ചിട്ട ജാലകവാതിലിൽ പതുങ്ങി നിൽക്കുന്ന കാറ്റു പോലെ നിന്റെയുള്ളിലെവിടെയോ അത്രമേൽ ആർദ്രമായി ഞാനുണ്ടായിരുന്നിരിക്കണം.
എന്നിട്ടും
ഇരുളിൽ ഞാനോടിയെത്തുന്നതിന് മുമ്പ്
നീ വിളക്കണച്ചു കളഞ്ഞു