/sathyam/media/post_attachments/Lnc47KHG5YgSewIneTUp.jpg)
പ്രശസ്ത കഥകളി നടൻ കലാനിലയം മോഹൻദാസ് അന്തരിച്ചു. ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ അനുഗ്രഹീതരായ പള്ളിപ്പുറം ഗോപാലൻ നായരാശാൻ, കലാമണ്ഡലം കുട്ടനാശാൻ,കലാനിലയം രാഘവനാശാൻ തുടങ്ങിയവരിൽ നിന്നും ആഭ്യസനം പൂർത്തിയാക്കിയ അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സംഭാവന ഏറ്റുമാനൂരിൽ ഹരിണാലയ കഥകളി പഠനകേന്ദ്രത്തിനു തുടക്കം കുറിച്ചുവെന്നതാണ് .തുടർന്ന് തിരുവല്ലയിൽ നിന്നും സുഹൃത്തായ കലാനിലയം മോഹൻ കുമാറിനെ കൂടി വിളിച്ചു വരുത്തി വിപുലപ്പെടുത്തുകയായിരുന്നു.
ഞങ്ങളുടെ നാടായ മുളക്കുളത്തെ ആലയ്ക്കാ പറമ്പിൽ വീട്ടിൽ പദ്മനാഭൻ നായരുടെ (പപ്പൻചേട്ടൻ്റെ ) പുത്രനായ മോഹനൻ ചേട്ടൻ പ്രധാനമായും താടി വേഷങ്ങളിലാണു ശ്രദ്ധിച്ചിരുന്നത്. ഒരുപാടൊരുപാട് ഉ ധൃത വേഷങ്ങൾക്കു മിഴിവു നൽകിയ അദ്ദേഹം " എനിക്കത്യധികമായ സുഖം ഭവിച്ചു, എന്താണതിനു കാരണം " എന്നു തൻ്റേടാട്ടമാടുവാൻ ആരംഭിക്കുമ്പോൾ തന്നെ പുരാണ ബോധവും, ഹാസ വഴികളും, കുട്ടനാശാൻ്റേയും, രാഘവനാശാൻ്റെയും ചുവടുറപ്പും കലർന്ന മിശ്രിതരൂപം ദൃശ്യമായിരുന്നു.
മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ അവസാനമായി ചെയ്തതു പ്രഹ്ളാദ ചരിതത്തിൽ നരസിംഹമായിരുന്നു. വളരെ ശ്രദ്ധ നേടിയ വേഷമായിരുന്നു അത്.തിങ്ങി നിറഞ്ഞ സദസ്സിൻ്റെ അംഗീകാരത്തിനതു പാത്രമായി. തുടർന്നു പഞ്ചവാദ്യത്തിൻ്റെ ഭാഗമായി കൊമ്പു വാദനത്തിലും കഴിവു തെളിയിച്ചു,ആരോടും പരിഭവമില്ലാതെ ,രംഗകലയുടെ ഓരം പറ്റി, മോഹങ്ങളും, മോഹവലയങ്ങളുമില്ലാതെ ശാന്തനായ് ,സൗമ്യനായ് നടന്നു നീങ്ങി, കടന്നു പോയ പ്രിയ മോഹനൻ ചേട്ടന് പ്രണാമപുഷ്പങ്ങളർപ്പിക്കുന്നു.-ഇ പി ഗോപീകൃഷ്ണൻ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us