/sathyam/media/post_attachments/3MS41tE07zdEDjqhEjii.webp)
നെടുമങ്ങാട്: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃമാതാവും പിതാവും അറസ്റ്റിൽ. കാച്ചാണി പമ്മത്ത്മൂല മയൂരം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി. സുരേന്ദ്രനാഥ് -പുഷ്പലത ദമ്പതികളുടെ മകൾ അനുപ്രിയ (29) മരിച്ച കേസിൽ അഞ്ചൽ ഏരൂർ സ്വദേശികളായ മൻമഥൻ (78), ഭാര്യ വിജയ (71) എന്നിവരാണ് അറസ്റ്റിലായത്. അനുപ്രിയയുടെ ഭർത്താവ് മനു ഗൾഫിലാണ്.
മനുവാണ് കേസിലെ ഒന്നാം പ്രതി.ഏപ്രിൽ 11നാണ് വീട്ടിലെ രണ്ടാം നിലയിലെ കിടപ്പ് മുറിയിലെ ഫാനിൽ അനുപ്രിയയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പിതാവ് സുരേന്ദ്രനാഥ് നൽകിയ പരാതിയെ തുടർന്നാണ് മനുവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തത്. സ്ത്രീധനത്തെ ചൊല്ലി ഭർത്താവും ഭർതൃമാതാപിതാക്കളും മാനസിക സമ്മർദംചെലുത്തുകയും ഗാർഹിക പീഡനത്തിനിരയാക്കുകയും ചെയ്തതിനെ തുടർന്നാണ് മകൾ ജീവനൊടുക്കി​യ​തെന്നാണ് പരാതി.
നെടുമങ്ങാട് ഡിവൈ.എസ്.പി കെ. ബൈജുകുമാറിന്റെ നേതൃത്വത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾക്കാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അനുപ്രിയയും മനുവും ആറുമാസം മുൻപാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ മനു ഗൾഫിലേക്ക് പോയി. അനുപ്രിയ ഭർതൃവീട്ടിൽ തന്നെ തുടർന്നെങ്കിലും സ്ത്രീധനത്തെയും മറ്റും ചൊല്ലി മാനസിക പീഡനം സഹിക്കാൻ വയ്യാതെ വന്നപ്പോൾ കാച്ചാണിയിലെ പിതാവിന്റെ വീട്ടിലേക്ക് പോയി. പിന്നീട് അനുപ്രിയയും മനുവും തമ്മിൽ നല്ല ബന്ധത്തിലല്ലായിരുന്നുവെന്ന് പിതാവ് സുരേന്ദ്രനാഥ് അരുവിക്കര പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us