വയനാട്: കള്ളക്കടത്ത് സ്വർണം വിട്ട് നൽകാൻ കൈക്കൂലി വാങ്ങിയ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. എക്‌സൈസ് ഇൻസ്‌പെക്ടർ ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സ്വർണക്കടത്ത് സംഘത്തിൽ നിന്നും രണ്ട് ലക്ഷം രൂപയാണ് കൈക്കൂലിയായി ഇവർ ആവശ്യപ്പെട്ടത്.
ഇൻസ്‌പെക്ടർ പി.എ ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ ജോണി, ചന്തു, സിവിൽ എക്‌സൈസ് ഓഫീസർ ശശി കുമാർ, പ്രമോദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നേരത്തെ അഞ്ച് പേരെയും മുത്തങ്ങയിൽ നിന്നും വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ.
ഈ മാസം 20 നായിരുന്നു സംഭവം. കർണാടകയിൽ നിന്നും സ്വർണക്കടത്ത് സംഘം മുത്തങ്ങ ചെക്‌പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച സ്വർണം ഉദ്യോഗസ്ഥർ പിടിച്ചിരുന്നു. ഇതിൽ നിന്നും 750 ഗ്രാം സ്വർണം അപ്പോൾ തന്നെ തിരിച്ച് നൽകിയ ഉദ്യോഗസ്ഥർ ബാക്കി പിടിച്ചുവയ്‌ക്കുകയായിരുന്നു. ബാക്കി സ്വർണം വിട്ട് നൽകണമെങ്കിൽ രണ്ട് ലക്ഷം രൂപ നൽകണം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആവശ്യം. ഇത് നൽകിയതോടെ ബാക്കി സ്വർണവും വിട്ട് നൽകുകയായിരുന്നു.