/sathyam/media/post_attachments/f8SiHFSlB1ffzpvR6eFl.jpg)
തിരുവനന്തപുരം: കേരള യൂത്ത് ഫ്രണ്ട് (എം) അൻപത്തി രണ്ടാമത് ജന്മദിനാഘോഷം ഈ മാസം 21ന്. പിന്നിട്ട വഴികളിലും, നടന്ന് നീങ്ങിയ കാൽ വെയ്പ്പുകളിലും ആദർശധീരരെ നാടിന് സമ്മാനിച്ച പ്രസ്ഥാനം. കെ എം മാണിയുടെ അനുഗ്രഹാശിസ്സുകൾ ഏറ്റുവാങ്ങിയ കേരള യൂത്ത് ഫ്രണ്ട് (എം) 52 വർഷം പിന്നിടുന്ന വേളയിൽ വിപുലമായ ജന്മദിന ആഘോഷ പരിപാടികളാണ് അണികൾ മൂവാറ്റുപുഴയിൽ സംഘടിപ്പിച്ചിരിക്കുന്നത്.
കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പാർട്ടി ശക്തമായി മുന്നോട്ട് പോകുന്ന അവസരത്തിൽ പാർട്ടിയിൽ യുവാക്കൾക്കുള്ള പ്രാധാന്യം അരക്കെട്ടുറപ്പിക്കുകയാണ് പാർട്ടിയും ചെയർമാനും. രാഷ്ട്രീയം ഒരു തൊഴിലല്ല, രാഷ്ട്രീയം ഒരിക്കലും ഒരു തൊഴിൽ ആവാനും പാടില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു യുവാക്കൾ ഓരോരുത്തരെയും ഒരു സ്വയം സംരംഭകൻ ആക്കുവാൻ കൈ പിടിച്ചു ഉയർത്തുക എന്നതാണ് യൂത്ത് ഫ്രണ്ട് (എം) ന്റെ ലക്ഷ്യം.
അതിന് വേണ്ടി "തൊഴിൽ നൈപുണ്യ ശില്പശാല" എന്ന ഷീർഷകത്തിൽ കേരളത്തിലെ അതിപ്രഗത്ഭരായ ബിസിനസ് ഗുരുക്കന്മാരെ അണിനിരത്തിക്കൊണ്ട് യുവ ജനതക്ക് മുന്നോട്ട് പോകാനുള്ള വെളിച്ചം നൽകുകയാണ് കേരള യൂത്ത് ഫ്രണ്ട് (എം) ഈ ജന്മദിന ആഘോഷത്തിലൂടെ ലക്ഷ്യം ഇടുന്നത്. യുവത്വത്തിന് എന്നും മാതൃകാപരമായ ദിശാബോധം സമ്മാനിച്ച മോട്ടിവേഷണൽ സ്പീക്കർ ഡോ: കൊച്ചുറാണി ടീച്ചർ, സർക്കാരിന്റെ മുഖ മുദ്രയായ 20 ലക്ഷം യുവാക്കൾക്ക് തൊഴിൽ പദ്ധതി വിഭാവനം ചെയ്ത കെ ഡിസ്ക് മെമ്പർ സെക്രട്ടറി ഡോ: പി വി ഉണ്ണികൃഷ്ണൻ, ബിസിനസ്സ് മെന്റർ ശ്രീ എസ് ആർ നായർ എന്നിവർ വിവിധ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
യൂത്ത് ഫ്രണ്ട് (എം) ജന്മദിന സമ്മേളനം ബഹുമാനപ്പെട്ട കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി എം പി ഉത്ഘാടനം ചെയ്യും. ഈ ജന്മദിനത്തിൽ ഓരോ യൂത്ത് ഫ്രണ്ട്കാരനും സ്വയം ഒരു തീരുമാനം കൈക്കൊളണമെന്നാണ് പാർട്ടി നിലപാട്. സ്വന്തമായി ഒരു സംരംഭം, ഒപ്പം സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഒരു വഴികാട്ടി ആകണം എന്നതാണ്. അത് കൊണ്ട് തന്നെ മുൻവർഷത്തിൽ നിന്നും വിഭിന്നമായ ഒരാശയമാണ് ഇത്തവണ യൂത്ത് ഫ്രണ്ട് (എം) മുന്നോട്ട് വെക്കുന്നത്.