യുഎഇയില്‍ മലയാളി യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദുരൂഹത നീളുന്നു; അമ്മയുടെ മരണവാർത്ത കുഞ്ഞ് അറിഞ്ഞത് ദുബായിൽ നിന്ന് നാട്ടിലെത്തിയ ശേഷം, ഷോക്കേറ്റതെങ്ങനെയെന്ന് അന്വേഷണം

New Update

publive-image

കൊല്ലം: യുഎഇയില്‍ കഴിഞ്ഞ ദിവസമാണ് മലയാളി യുവതി ഷോക്കേറ്റ് മരിച്ച വാര്‍ത്ത പുറത്തുവന്നത്. പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹര്‍ നഗര്‍ നക്ഷത്രയില്‍ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വ്യാഴാഴ്ച ദുബായ് അല്‍ തവാറിലെ താമസ സ്ഥലത്ത് ദാരുണമായി മരിച്ചത്. നീതുവിന്റെ അപകട മരണ വാര്‍ത്ത യുഎഇയിലെ മലയാളി സമൂഹത്തില്‍ ഞെട്ടലുളവാക്കി.

Advertisment

എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അപകടം സംഭവിച്ചത് എന്നറിയാനായുള്ള പരിശ്രമത്തിലാണ് യുഎഇയിലെ മലയാളി സമൂഹം. ഇപ്പോള്‍ അപകട ദിവസം അവിടെ സംഭവിച്ച കാര്യങ്ങളെ കുറിച്ച്‌ വിശാഖ് ഗോപിയുടെ സുഹൃത്തും അക്കാഫ് അസോസിയേഷൻ ഭാരവാഹിയായ എ. എസ്. ദീപു ഒരു പ്രമുഖ ഓണ്‍ലൈൻ മാധ്യമത്തോട് വിശദികരിച്ചിരിക്കുകയാണ്.

എൻജിനീയര്‍മാരായ നീതുവും ഭര്‍ത്താവും ഇവരുടെ കുഞ്ഞ് മകനുമടങ്ങുന്ന കുടുംബം ദുബായ് അല്‍ തവാര്‍ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു താമസിച്ചുവന്നിരുന്നത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ളയാളാണ് വിശാഖ്.മക് ഡെര്‍നോട് എന്ന നിര്‍മാണ കമ്പനിയില്‍ എൻജിനീയറാണ്. നീതു ഇവിടെയെത്തിയിട്ട് 10 വര്‍ഷമെങ്കിലും ആയിരിക്കാമെന്ന് ദീപു പറയുന്നു. വളരെ സന്തോഷത്തോടെയും സംതൃപ്തിയോടെയും കഴിഞ്ഞിരുന്ന ഒരു കുടുംബമായിരുന്നു.

അപകട ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവിനോടും കെജി 2 വിദ്യാര്‍ഥിയായ ഏക മകൻ നിവി (6)യുമായി സമയം ചെലവഴിച്ചിരിക്കുകയായിരുന്നു നീതു. ഇതിന് ശേഷം വൈകിട്ട് 7ന് നീതു കുളിമുറിയില്‍ കയറിയതായിരുന്നു. ഇതേ സമയം തന്നെ വീട്ടുജോലിക്കാരി രാത്രി ഭക്ഷണം തയ്യാറാക്കാനായി അടുക്കളയിലുമായിരുന്നു.

ഇവര്‍ പാത്രം കഴുകാനായി ടാപ്പ് തുറന്നപ്പോള്‍ കൈയില്‍ നിന്ന് പാത്രം തെറിച്ചുപോയതോടൊപ്പം കുളിമുറിയില്‍ നിന്ന് നീതുവിൻ്റെ അലർച്ചയും കേള്‍ക്കുകയായിരുന്നു. വീണ്ടും നീതുവിന്റെ ഒച്ച കേട്ടതോടെ വീട്ടുജോലിക്കാരിയും വിശാഖും അവിടെയ്ക്ക് ഓടിയെത്തി.

കുളിമുറിയുടെ വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നതിനാല്‍ വിശാഖ് തന്റെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചു തകര്‍ത്തു തുറന്നു. ബോധമറ്റ് വാട്ടര്‍ ഷവര്‍ കൈയില്‍ പിടിച്ച്‌ വീണുകിടക്കുന്ന നീതുവിനെയാണ് അവര്‍ കാണാനായത്. നീതുവിന് വിശാഖ് സിപിആര്‍ നല്‍കിയെങ്കിലും പ്രതികരണമില്ലായിരുന്നു.

ഉടൻ ആംബുലൻസ് വിളിച്ചു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവിക്കാൻ രക്ഷിക്കാനായില്ല. നീതുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം തന്നെ നാട്ടിലെത്തിച്ച്‌ കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. അമ്മയുടെ മരണ വാര്‍ത്ത നാട്ടിലെത്തിയ ശേഷമാണ് കുഞ്ഞു നിവിനെ അറിയിച്ചത്. പിന്നാലെ നിര്‍ത്താതെ കരയാൻ തു‌ടങ്ങിയ ആ കുരുന്നിനെ സമാധാനിപ്പിക്കാൻ ഉറ്റവര്‍ പാടുപ്പെടുകയാണ്.

Advertisment