പാലക്കാട്: സര്‍വ്വീസിങ്ങിന് കമ്പനി സര്‍വ്വീസ് സെന്‍ററില്‍ ഉടമ ഏല്‍പിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍, ഉടമയ്ക്ക് സര്‍വീസ് സെന്റര്‍ പുതിയ കാര്‍ നല്‍കി. കമ്പനി സര്‍വ്വീസ് സെന്‍ററില്‍ ഉടമ സര്‍വ്വീസിങ്ങിനായി ഏല്‍പിച്ച കാര്‍ സര്‍വ്വീസ് സെന്‍റര്‍ ജീവനക്കാരന്‍ അമിത വേഗതയില്‍ ഓടിച്ചപ്പോഴായിരുന്നു അപകടത്തില്‍ പെട്ടത്. കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം നടന്നത്.
പാലക്കാട് പത്തിരിപ്പാലയിലെ ഇവോള്‍ട്ട് മൊബിലിറ്റി എന്ന ടാറ്റാ മോട്ടോഴ്‌സ് സര്‍വ്വീസ് സെന്‍ററില്‍ പാലക്കാട് സ്വദേശി അജീഷ് തോമസ് ഏല്‍പിച്ച ടാറ്റ ആല്‍ട്രോസ് കാറാണ് അപകടത്തില്‍പെട്ടത്. അജീഷ് കഴിഞ്ഞ ഡിസംബറില്‍ വാങ്ങിയ കാര്‍ രണ്ടാം സര്‍വ്വീസിനാണ് ഇവോള്‍ട്ടില്‍ ഏല്‍പിച്ചത്. രണ്ടാം സര്‍വ്വീസിനായി ആദ്യം ഏല്‍പിച്ചെങ്കിലും ഉടമ ഓടിച്ചു നോക്കിയപ്പോള്‍ സര്‍വ്വീസില്‍ അപാകതകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ സര്‍വ്വീസ് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഉടമ വീണ്ടും സര്‍വ്വീസ് സെന്‍ററില്‍ ഏല്‍പിക്കുകയായിരുന്നു.
എന്താണ് തകരാര്‍ എന്ന് കണ്ടെത്താന്‍ ഒരു ദിവസം കാര്‍ നിരീക്ഷണത്തില്‍ ഇടണമെന്ന് സര്‍വ്വീസ് സെന്‍റര്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരമാണ് അജീഷ് വാഹനം ഇവിടെ ഏല്‍പിച്ചത്. എന്നാല്‍ പിറ്റേദിവസം സര്‍വ്വീസ് സെന്‍ററില്‍ നിന്ന് ഫോണില്‍ വിളിച്ച് കാര്‍ അപകടത്തില്‍പെട്ടതായി അറിയിക്കുകയായിരുന്നു.
അമിതവേഗതയില്‍ എതിരെ വന്ന വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമത്രെ. കൂട്ടിയിടിച്ച ലോറിയും അമിത വേഗതയിലായിരുന്നെന്ന് പറയുന്നു. അജീഷിന്‍റെ കാറിന്‍റെ എന്‍ജിന്‍ ഭാഗം ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു.
സര്‍വ്വീസ് സെന്‍റര്‍ ജീവനക്കാരന്‍ സര്‍വ്വീസിങ്ങിനുശേഷം ടെസ്റ്റ് ഡ്രൈവിനായി കാര്‍ ഓടിച്ചുനോക്കിയപ്പോഴായിരുന്നു പാലക്കാട്-കുളപ്പുള്ളി റോഡിലെ എട്ടാം മൈലിനടുത്ത് വച്ച് അപകടം ഉണ്ടായത്. നാലു മാസം മാത്രം പഴക്കമുള്ള കാര്‍ പൂര്‍ണമായും തകര്‍ന്ന സാഹചര്യത്തില്‍ അപകടത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കണമെന്നും വാഹനം മാറ്റി നല്‍കണമെന്നുമാണ് ഉടമയുടെ ആവശ്യം.
തുടര്‍ന്നാണ് ഇപ്പോള്‍ അജീഷിന് സര്‍വീസ് സെന്റര്‍ പുതിയ കാര്‍ നല്‍കി പ്രശ്‌നം പരിഹരിച്ചത്. അജീഷിന്റെ ആവശ്യപ്രകാരം നെക്‌സോണ്‍ ആണ് നല്‍കിയത്.