തച്ചമ്പാറ:തച്ചമ്പാറ പഞ്ചായത്തിൽ കല്ലൻചോലയിൽ താമസിച്ചിരുന്ന പഴയ പാട്ടെഴുത്തുകാരൻ ഇ.എം.സലീം(102) അന്തരിച്ചു. മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിൽ ഭാര്യ ഐഷാബിയും (82)അന്തരിച്ചു. ഇരുവരും കോവിഡ് ചികിത്സയിലായിരുന്നു.സ്വന്തമായി വരികൾ എഴുതി നാടൻ പാട്ടുകളും മാപ്പിളപാട്ടും ലളിത ഗാനവും ആലപിച്ചിരുന്നു.
വിദ്യാലയങ്ങളിലും കല്യാണരാവുകളിലും ജാതിമതഭേദമെന്യേ ആളുകള്‍ ഒത്തുകൂടുന്ന ഇടങ്ങളിലും പാട്ടുകൾ പാടുന്നത് പതിവായിരുന്നു. നിത്യജീവിതവുമായി ബന്ധപ്പെട്ട ഏതനുഭവവും സലീമിന് പാട്ടിനുള്ള വിഷയമായിരുന്നു.
സ്‌കൂള്‍പഠനകാലത്തേ പാട്ടെഴുത്തും ആലാപനവും ഉണ്ടായിരുന്നു. ആധുനികമായ സംഗീത ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ തിരശീലയുടെയും ഉച്ചഭാഷിണിയുടെയും സഹായമില്ലാതെ സന്ദര്‍ഭാനുസൃതമായി എഴുതിയുണ്ടാക്കുന്നതായിരുന്നു പാട്ടുകൾ.
1919 ഡിസംബര്‍ 17ന് കരുകോണിലാണ് ജനനം.1965 ലായിരുന്നു തച്ചമ്പാറയിലേക്കുള്ള കുടിയേറ്റം. വീട്ടിലെ പ്രാരാബ്ധം കാരണം നാലാം ക്ലാസില്‍ പഠനം നിര്‍ത്തിയ സലീം നിരന്തര വായനയിലൂടെയും സാംസ്‌ക്കാരിക പ്രവർത്തനത്തിലൂടെയും അറിവ് നേടി. ഇ.എം.എസ് എന്ന ചുരുക്ക പേരിലും ഇ.എം.സലീം വിളിക്കപ്പെട്ടിരുന്നു. കലാ പ്രവർത്തനത്തിന്റെ ഭാഗമായി സാക്ഷാല്‍ ഇ.എം.എസില്‍നിന്ന് വെള്ളി അരിവാളും ചുറ്റികയും പാരിതോഷികമായി നേടിയിട്ടുണ്ട്.
മക്കൾ: സവാദ്, മുഹമ്മദ്റാഫി, ഹുമയൂൺകബീർ, പരേതയായ റസീന. മരുമക്കൾ: ആയിഷക്കുട്ടി, ഉമ്മുസൽമ്മ , ഹസീന,അബ്ബാസ്.