കരിമ്പ-മീൻവല്ലം ഭാഗത്ത് ഒരുക്കിയ തുടിക്കോട് വാച്ച് ടവറിലേക്ക്  സഞ്ചാരികളെ അനുവദിച്ച് തുടങ്ങി

New Update
publive-image
Advertisment
ഒലവക്കോട്: മീൻവല്ലം തുടിക്കോട് വനാതിർത്തിയിൽ സഞ്ചാരികൾക്കായി വനം വകുപ്പ് സജ്ജമാക്കിയ വാച്ച് ടവർ പ്രവർത്തനം തുടങ്ങി. ഔപചാരിക ഉദ്ഘാടനം നടന്നിട്ടില്ലെങ്കിലും തിരുവോണം നാൾ മുതൽ സന്ദർശകർക്ക് പ്രവേശനാനുമതിയുണ്ട്. മൂന്നേക്കർ സെന്ററിലെ ഫോറസ്റ്റ്‌ ചെക്പോസ്റ്റിൽനിന്ന്‌ വലത്തോട്ട് പുഴയ്‌ക്ക്‌ കുറുകെ കടന്ന് തുടിക്കോട് വനാതിർത്തിയിലെ ഈ വാച്ച് ടവറിലെത്താം. നാലുനിലകളിലായി സജ്ജീകരിച്ചിരിക്കുന്ന വാച്ച് ടവർ  നല്ലൊരു കാനന കാഴ്ചയാണ്.
ഇരുവശത്തും മരങ്ങളും നീർച്ചാലുകളും ചതുപ്പ് നിലവും നിറഞ്ഞ മൺപാത വഴിയുള്ള കാൽനട സഞ്ചാരമാണ്  പ്രത്യേകത. തുപ്പനാട് പുഴയുടെ ഉത്ഭവ സ്ഥാനവും പച്ച പുതച്ച പാലക്കയം, കല്ലടിക്കോടൻ മലനിരകളുമാണ് ഇവിടുത്തെ കാഴ്ച. മൂന്നേക്കറിൽനിന്ന്‌ രണ്ട് കിലോമീറ്ററോളം വനത്തിലൂടെ നടന്നുവേണം ഇവിടെയെത്താൻ. രാവിലെ 10നും 3മണിക്കും ഇടയിൽ  ബാച്ചുകളായിട്ടാണ് പ്രവേശനം.120 രൂപയാണ് പ്രവേശനഫീസ്.വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനം ലഭിക്കുക. ഒപ്പം ഗൈഡിന്റെ സഹായവുമുണ്ടാകും. മീൻവല്ലത്തെ ഇക്കോ ടൂറിസം പദ്ധതിയിലേക്ക്‌ കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയും.
Advertisment