തച്ചമ്പാറ:ജന്മനാലുള്ള രോഗാവസ്ഥയെ കഠിന പരിശ്രമം കൊണ്ട് മറികടന്ന് എസ് എസ് എൽ സി പരീക്ഷയിൽ മധുരമുള്ള വിജയം കരസ്ഥമാക്കിയ പൊന്നംകോട് ചന്ദനംകുണ്ട് അലീഷ മരിയ ആന്റണി എന്ന മിടുക്കിയെ അഭിനന്ദിക്കാൻ കല്ലടിക്കോട് ജനമൈത്രി പോലീസ് അവളുടെ വീട്ടിൽ എത്തി. പതിപ്ലാക്കൽ ആന്റണി-ഷിജി ദമ്പതികളുടെ മകളാണ് 15 വയസ്സുള്ള അലീഷ. പേശികളിലെ എല്ലുകൾക്ക് ബലക്ഷയം സംഭവിക്കുന്ന ഓസ്റ്റിയോജെനെസിസ് എന്ന ജനിതകരോഗാവസ്ഥയുടെ പിടിയിലാണ്. തച്ചമ്പാറ ദേശബന്ധു സ്കൂളിൽ നിന്നും പത്താം ക്ലാസ് പരീക്ഷയിൽ അഭിനന്ദനാർഹ വിജയമാണ് അലീഷ നേടിയത്.ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് ഉണ്ട്.
രോഗം മൂലം അലീഷക്ക് ശാരീരിക അവശത സംഭവിച്ചു.അമ്മയും അച്ഛനും കൂട്ടിരുന്നാണ് അലീഷയെ പത്താം ക്ലാസ് വരെയുള്ളെ പഠനത്തിനു സഹായിച്ചത്.പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനു പോലും മറ്റുള്ളവരുടെ സഹായം വേണം.പാടാനും പടം വരയ്ക്കാനും ഇഷ്ടമാണ്. യന്ത്രസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയം നിയന്ത്രിത ചക്രക്കസേരയുണ്ടെങ്കിൽ അലീഷയുടെ പഠനം കൂടുതൽ ആയാസ രഹിതമായേക്കും. കല്ലടിക്കോട് ഐ എസ് എച്ച് ഒ ശശികുമാർ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ബിബിഷ്, സ്റ്റൈലേഷ്,എസ് സി പി ഒ ഉല്ലാസ്,
വനിത പോലീസ് ലതിക,ജനമൈത്രി അംഗങ്ങളായ ഐസക്,സുജിത് തുടങ്ങിയവരാണ് അഭിനന്ദിക്കാനെത്തിയത്.