എറണാകുളത്തെ തെരഞ്ഞെടുപ്പ് പരാജയം; സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരണം തേടി

New Update

publive-image

Advertisment

കൊച്ചി: എറണാകുളത്തെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് വിശദീകരണം തേടി. തൃപ്പൂണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂര്‍ മണ്ഡലങ്ങളിലെ പരാജയങ്ങള്‍ക്ക് നേതാക്കള്‍ തന്നെ കാരണമായെന്നാണ് അന്വേഷണ കമ്മിഷന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുള്ളത്.

സെക്രട്ടേറിയറ്റ് അംഗങ്ങളായ എന്‍ സി മോഹനന്‍, മണിശങ്കര്‍ എന്നിവരോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. നേതാക്കള്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. തൃപ്പൂണിത്തുറയില്‍ സി എന്‍ സുന്ദരന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുരേഷ് എന്നിവരോടും സിപിഐഎം വിശദീകരണം തേടിയിട്ടുണ്ട്.

സി എന്‍ സുന്ദരന്റെ സ്ഥാനാര്‍ത്ഥിത്വ മോഹം എം.സ്വരാജിന്റെ പരാജയത്തിന് കാരണമായെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തൃക്കാക്കരയില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സി.കെ മണിശങ്കര്‍, ഏരിയ സെക്രട്ടറി കെ ഡി വിന്‍സന്റ് എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വ മോഹം ഡോ.ജെ ജേക്കബിന്റെ പരാജയത്തിന് കാരണമായെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ വിലയിരുത്തല്‍.

കെ ഡി വിന്‍സന്റ് തനിക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹമുണ്ടായിരുന്നത് തുറന്നുസമ്മതിച്ചതായും അന്വേഷണ കമ്മിഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം പിറവത്ത് കൂത്താട്ടുകുളം ഏരിയ കമ്മിറ്റി സെക്രട്ടറിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് അന്വേഷണ കമ്മിഷന്‍ നടത്തിയിരിക്കുന്നത്. പിറവത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നപ്പോള്‍ തന്നെ, താനാണ് സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം ഷിബു ജേക്കബ് നടത്തിയെന്നാണ് ആരോപണം.

സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ല എന്നും വിമര്‍ശനമുണ്ട്. പെരുമ്പാവൂരില്‍ സ്ഥാനാര്‍ത്ഥിമോഹത്തിന് ഒന്നിലധികം പേരുണ്ടായിരുന്നു എന്ന വിമര്‍ശനവും സിപിഐഎം ജില്ലാ കമ്മിറ്റിക്കുണ്ട്.

NEWS
Advertisment