ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
/sathyam/media/post_attachments/S9biZAwW8fKs6Nt81OWI.jpg)
പാലക്കാട് :മനുഷ്യ സേവന തല്‍പരരായ മതപണ്ഡിതര്‍ക്ക് അറബിക് ആസ്‌ട്രോളജി, പാരമ്പര്യ ആയുര്‍വേദം,പാരമ്പര്യ യൂനാനി തുടങ്ങിയ കോഴ്‌സുകളും പ്രാക്ടീസ് സര്‍ട്ടിഫിക്കറ്റുകളും നല്‍കുകയും അതിനെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നുവെന്ന പരാതിയില്‍ ഇബ്‌നു സീന മെഡിക്കേഷന്‍ സെന്റര്‍ ഉടമ ജമാലുദ്ദീന്‍മൗലവിക്കെതിരെ ആലുവ പൊലിസില്‍ പരാതി. സുപ്രീം ത്വിബ്ബ് കൗണ്‍സില്‍ കോഡിനേറ്റര്‍ മുഹമ്മദ് അമീറാണ് പരാതിക്കാരന്‍. സംശയാസ്പദമായ രീതിയില്‍ കോഴ്‌സ് നടത്തുകയും ധനസമാഹരണം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇബ്‌നുസീന സെന്ററിനും അതിന്റെ ഉടമയായ ജമാലുദ്ദീന്‍ മൗലവിക്കുമെതിരെ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
പാലക്കാട് ജില്ലയില്‍ നിന്നുമാത്രം ഇബ്‌നുസീന മെഡിക്കേഷന്‍ സെന്ററിന്റെ അംഗീകാരമില്ലാത്ത കോഴ്‌സുകകളില്‍ അഞ്ഞൂറിലേറെ പേര്‍ വഞ്ചിക്കപ്പെട്ടുവെന്ന് പരാതി ഉയരുന്നുണ്ട്.കോഴ്‌സ് നടത്തുന്നതിനുവേണ്ടി സ്ഥാപനത്തിന് കിട്ടിയിരിക്കുന്ന ലോഗോ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബി.എസ്.എസ് അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ്, സ്‌കില്‍ ഇന്ത്യ മിഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ കാണിച്ച് തെറ്റിദ്ധരിപ്പിച്ചാണ് കോഴ്‌സുകള്‍ നടത്തുന്നതെന്നാണ് പരാതി. മേല്‍പറഞ്ഞ ഒരു ഏജന്‍സിക്കും ചികിത്സ നടത്തുന്നതിന് അനുവാദം നല്‍കാനുള്ള അധികാരം ഇല്ലെന്നത് മറച്ചു വച്ചു വലിയ തുകകള്‍ ഈടാക്കിക്കൊണ്ടും, പ്രാക്ടീസ് അനുവാദ സര്‍ട്ടിഫിക്കറ്റുകള്‍ എന്ന് തോന്നിപ്പിച്ചു കൊണ്ടുമാണ് ഈ സ്ഥാപനം പഠിതാക്കളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുന്നതെന്നാണ് പരാതിക്കാരുടെ വാദം.
വ്യാജകോഴ്‌സിനെതിരെ പ്രവാചക പ്രാക്ടീസ് കൗണ്‍സിലിന്റെ നിയമ ഉദ്‌ബോധനങ്ങള്‍ കേട്ട് തങ്ങളുടെ വരുമാന സ്രോതസുകളായ പഠിതാക്കള്‍ കോഴ്‌സില്‍ നിന്നും പിന്തിരിയുന്നതിലുള്ള ശത്രുതയില്‍ തനിക്കെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണവും ഭീഷണിയും ജമാലുദ്ദീന്‍മൗലവി നടത്തുകയാണെന്ന് മുഹമ്മദ് അമീര്‍ പറഞ്ഞു.ഇബ്‌നുസീന മെഡിക്കേഷന്‍ സെന്ററില്‍ നിന്നും ലഭിച്ച സര്‍റ്റിഫിക്കറ്റുമായി ചികിത്സ നടത്തുന്ന ചിലരുമായി സംസാരിച്ചപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലായതെന്നും മുഹമ്മദ് അമീര്‍ വ്യക്തമാക്കുന്നു.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വച്ച് പാരമ്പര്യ ആയുര്‍വേദ, യൂനാനി ചികിത്സചെയ്യുന്നത് തെറ്റാണെന്നും അതതു ശാഖകകളില്‍ ഡിഗ്രിയും, രജിസ്‌ട്രേഷനും ഇല്ലാതെ ചികിത്സിക്കുന്നത് കുറ്റകരമാണെന്നും സമൂഹമാധ്യമങ്ങള്‍ വഴി ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതേ തുടര്‍ന്ന് ജമാലുദ്ധീന്‍ മൗലവി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മുഹമ്മദ് അമീര്‍ വ്യക്തമാക്കി. പരാതി രജിസ്റ്റര്‍ ചെയ്ത പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആലുവ പൊലിസ് അറിയിച്ചു.
Advertisment