തൊടുപുഴ: ആനന്ദ് മാതൃകാ ക്ഷീര സഹകരണ സംഘങ്ങളെ ഇൻകം ടാക്സ് പരിധിയിൽ കൊണ്ടുവരുന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമന് കത്ത് നൽകി. കഴിഞ്ഞ പാർലമെൻറ് സമ്മേളന സമയത്ത് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പി.മാർ കേന്ദ്രധനകാര്യമന്ത്രിയുമായി ഇക്കാര്യം നേരിൽ കണ്ട് സംസാരിക്കുകയും ക്ഷീര സഹകരണ സംഘങ്ങളെ ഇൻകം ടാക്സ് പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് അനുകൂല തീരുമാനമെടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയുരുന്നതാണെന്നും എം.പി.പറഞ്ഞു.
എന്നാൽ ഇക്കാര്യം പരിഗണിക്കാത്തത് പ്രതിഷേധാർഹമാണെന്നും കേരളത്തിലെ ക്ഷീരകർഷകരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ നടപടി പിൻവലിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. 50 ലക്ഷത്തിലധികം വിറ്റുവരവുള്ള ക്ഷീര സഹകരണ സംഘങ്ങൾ ടി.ഡി.എസ്. ഒടുക്കേണ്ടിവരുന്നത് സംഘങ്ങളുടെ സാമ്പത്തിക തകർക്കുമെന്നും ബോണസ്, പാലിന് മെച്ചപ്പെട്ട വില എന്നിവ കർഷകക്ക് ലഭിക്കാത്ത സാഹചര്യം സംജാതമാകുമെന്നും എം.പി. പറഞ്ഞു.
കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിൻറെ 2021 ജൂൺ 30-ലെ ഉത്തരവ് പ്രകാരം പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങളും ആദായനികുതി പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. അത് പ്രകാരം പ്രതിവർഷം 50 ലക്ഷം രൂപയ്ക്ക് മുകളിൽ വിറ്റ് വരവുള്ള ക്ഷീരസഹകരണ സംഘങ്ങൾ 0.1% ടിഡിഎസ് ഒടുക്കേണ്ടതും, സംഘങ്ങൾ ഏതെങ്കിലും സാഹചര്യത്തിൽ ആദായ നികുതി ഫയൽ ചെയ്തില്ലായെങ്കിൽ 50 ലക്ഷത്തിലധികം വരുന്ന തുകയ്ക്ക് 5% നികുതിയും ഈടാക്കും. ഈ സാഹചര്യത്തിൽ തുച്ഛമായ ലാഭത്തിൽ പ്രവർത്തിക്കുന്ന ആനന്ദ് മാതൃകയിൽ പ്രവർത്തിക്കുന്ന ക്ഷീരസഹകരണ സംഘങ്ങളെല്ലാം നഷ്ടത്തിലേക്ക് പോകുമെന്നും എം.പി. പറഞ്ഞു.
പാൽ സംഭരണവും വിതരണവും കൂടാതെ കാലിത്തീറ്റ വില്പന, അനുബന്ധ ഉൽപ്പന്നങ്ങളുടെ വിൽപ്പന തുടങ്ങി സംഘങ്ങളുടെ എല്ലാ ഇടപാടുകളും വരുമാനമായി കണക്കാക്കപ്പെടുമെന്നതിനാൽ മിക്ക സംഘങ്ങളും ഈ പരിധിയിൽ ഉൾപ്പെടുന്നവയാണ്. സംഘത്തിൻറെ പ്രാഥമിക ചിലവുകൾ കഴിഞ്ഞ് ലഭിക്കുന്ന ലാഭത്തിൽ നിന്നും മെമ്പർ റിലീഫ് ഫണ്ട്, സഹകരണ എഡ്യുക്കേഷണൽ ഫണ്ട്, കന്നുകാലി വികസന നിധി, പൊതു നൻമ/ദയാനിധി എന്നിവ കിഴിച്ച് ബാക്കി തുകയിൽ 65% ഓഡിറ്റ് കഴിഞ്ഞ്, റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ക്ഷീരകർഷകർക്ക് ബോണസായി നൽകുന്നു.
സാധാരണ ഗതിയിൽ സംഘങ്ങൾക്ക് നാമമാത്രമായ തുകയേ നീക്കിയിരുപ്പായി ഉണ്ടാകാറൊള്ളു. മൊത്തം വിറ്റുവരവ് 50 ലക്ഷത്തിൽ അധികരിക്കുന്ന സംഘങ്ങൾക്ക് ടി.ഡി. ഒടുക്കേണ്ട സാഹചര്യമുണ്ടായാൽ അത് ഉറവിടത്തിൽ നിന്നും ഒടുക്കുന്ന സമയത്ത് സംഘത്തിൻറെ മൊത്തത്തിലുള്ള സാമ്പത്തീക സ്ഥിതിയെ ബാധിക്കുകയും കർഷകർക്ക് ബോണസ് പോലും നൽകാനാവത്ത സാഹചര്യമുണ്ടാക്കുകയും ചെയ്യുമെന്നും എം.പി. പറഞ്ഞു.