സില്‍വര്‍ലൈന്‍: സമഗ്ര പാരിസ്ഥിതിക ആഘാതപഠനത്തിന് ഈ ക്യു എം.എസ് ഇന്ത്യ

New Update

publive-image

Advertisment

സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ പാതയുടെ സമഗ്ര പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് കേരളാ റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ-റെയില്‍) ഈ ക്യു എം.എസ് ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയെ (Consortium) നിയോഗിച്ചു. പതിനാല് മാസം കൊണ്ട് പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കരാര്‍. ഇതിനുള്ള അംഗീകാര പത്രം കെ-റെയില്‍ ഈ ക്യു എം.എസ് ഇന്ത്യയ്ക്കു കൈമാറി. ഈ ക്യു എം.എസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഇന്‍ഫെര്‍ ഡവലപ്‌മെന്റ് കണ്‍സല്‍ട്ടന്‍സി പ്രൈറ്റ് ലിമിറ്റഡ് എന്നിവയാണ് കൂട്ടായ്മയിലെ മറ്റു കമ്പനികള്‍.

അലഹാബാദ് മുതല്‍ ഹാല്‍ഡിയ വരെയുള്ള ദേശീയ ജലപാതയുടെ (ജല്‍ മാര്‍ഗ് വികാസ്) പദ്ധതിയുടെ ശേഷി വര്‍ധിപ്പക്കല്‍, മുംബൈ മെട്രോ ലൈന്‍, കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറവരെയുള്ള ഒന്നാം ഘട്ട വികസനം, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വഴി ഇന്‍ഫാ പാര്‍ക്ക് വരെയുള്ള രണ്ടാം ഘട്ട വികസനം, ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജ്യണല്‍ റാപിഡ് ട്രാന്‍സിസ്റ്റ് സിസ്റ്റം (RRTS) എന്നിവയുടെ പാരിസ്ഥിതിക, സാമൂഹിക സുരക്ഷാ പഠനങ്ങള്‍ നടത്തിയ കമ്പനിയാണ് ഈ.ക്യു.എം.എസ്.

നേരത്തെ, വിശദമായ പദ്ധതി റിപ്പോര്‍ട്ട് (DPR) തയാറാക്കുന്നതിന്റെ ഭാഗമായി ദ്രുത പാരിസ്ഥിതിക ആഘാത പഠനം (Rapid EIA )നടത്തിയിരുന്നു.വിശദമായ പാരിസ്ഥിതിക ആഘാത പഠനം, പുനരധിവാസ കര്‍മ പദ്ധതി (Resettlement Action Plan (RAP)) തദ്ദേശീയ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കര്‍മ പദ്ധതി (Indigenous People Plan (IPP). പരിസ്ഥിതി മാനേജ്‌മെന്റ് പദ്ധതി (Environment Management Plan (EMP) എന്നിവയാണ് കരാറില്‍ ഉള്‍പ്പെടുന്നത്.

529.45 കിലോമീറ്റര്‍ ദൂരത്തില്‍ കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ നീളുന്ന നിര്‍ദിഷ്ട അര്‍ധ അതിവേഗ തീവണ്ടി പ്പാതയുടെ പദ്ധതി നിര്‍വഹണത്തിന്റെ ഭാഗമായി പാരിസ്ഥിതിക ആഘാതങ്ങള്‍ കണ്ടെത്തുകയും അവ ലഘൂകരിക്കുന്നതിനുള്ള പാരിസ്ഥിതിക മാനേജ്‌മെന്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ് പഠനത്തിന്റെ ലക്ഷ്യം.

നിലവിലുള്ള ദേശീയ, സംസ്ഥാന നിയമങ്ങളുമായി ഒത്തു പോകുന്നതാണ് പദ്ധതിയെന്ന് പഠനം ഉറപ്പു വരുത്തും. ലോകബാങ്കും എഡിബിയും ജെയ്കയും ഉള്‍പ്പെടെയുള്ള ധനകാര്യ ഏജന്‍സികളുടെ പാരിസ്ഥിതിക ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമായി ഏതെങ്കിലും തരത്തിലുള്ള അന്തരമുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ശുപാര്‍ശകളും പഠന റിപ്പോര്‍ട്ടിലുണ്ടാകും.

കൊച്ചു വേളി റെയില്‍വേ സ്‌റ്റേഷന്റെ പരിസരത്തുനിന്ന് കാസര്‍കോട് അവസാനിക്കുന്ന ഇരട്ടപ്പാതയാണ് സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിര്‍മിക്കുന്നത്. പതിനൊന്ന് ജില്ലകളിലൂടെ കടന്നുപോകുന്ന പാളത്തില്‍, തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്‌റ്റേഷനുണ്ടാകും.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയുള്ള സി്ല്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നാലു മണിക്കൂറിനുള്ളില്‍ കാസര്‍കോടുനിന്ന് തിരിവനന്തപുരത്ത് എത്താന്‍ സാധിക്കും. സമ്പൂര്‍ണ ഹരിത പദ്ധതിയായായാണ് സില്‍വര്‍ ലൈന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

Advertisment