/sathyam/media/post_attachments/hECFPMzDEuimf7qnVDNH.jpg)
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ രണ്ടാം ദിവസവും തുടർന്ന റെയ്ഡിൽ കഞ്ചാവ് ബീഡികൾ കണ്ടെടുത്തു. ഇ ബ്ലോക്കിൽ നിന്നാണിവ കണ്ടെടുത്തത്. ഡിഐജി സാം തങ്കയ്യന്റെ നേതൃത്വത്തിൽ സമീപ ജയിലുകളിൽ നിന്നുള്ള ജീവനക്കാരെ കൂടി വിളിച്ചുവരുത്തിയായിരുന്നു റെയ്ഡ്.
കൊടി സുനിയുമായി ബന്ധപ്പെട്ട ഫോൺ വിവാദത്തിന്റെ അടിസ്ഥാനത്തിൽ വിയ്യൂർ ജയിലിൽ കഴിഞ്ഞ ദിവസവും റെയ്ഡ് നടന്നിരുന്നു. പരിശോധന ഉണ്ടാകുമെന്ന വിവരത്തെ തുടർന്ന് തടവുകാർ മൊബൈൽ ഫോൺ സമീപത്തെ കൃഷിയിടത്തിൽ കുഴിച്ചിട്ടതായാണ് വിവരം. ഇത് കണ്ടെത്താനായുള്ള പരിശോധനകൾ തുടരും.
സുനിയെ മുൻപ് പാർപ്പിച്ചിരുന്ന സെല്ലിലെ ഭിത്തിയിൽ നിന്ന് സിംകാർഡുകൾ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീണ്ടും പരിശോധന നടത്തിയത്. പരിശോധനയിൽ കഞ്ചാവ് ബീഡികളാണ് കണ്ടെത്താനായത്. കഞ്ചാവ് പങ്കുവെയ്‌ക്കുന്നതിനെ കുറിച്ചാണ് പലപ്പോഴും വിയ്യൂരിൽ തടവുകാർ തമ്മിൽ കയ്യേറ്റം നടക്കാറുള്ളതും.
അതിനിടെ കണ്ണൂർ സെൻട്രൽ ജയിലിലും പരിശോധനകൾ നടത്തിയിരുന്നു. രണ്ട് മൊബൈൽ ഫോൺ, മൂന്ന് പവർബാങ്ക്, അഞ്ച് ചാർജറുകൾ, ഉളി, കമ്പിക്കഷണങ്ങൾ, കത്തി, ബാറ്ററി തുടങ്ങിയവ പരിശോധനയിൽ കണ്ടെത്തിയിരുന്നു.