കോട്ടയം: നീലിമംഗലത്ത് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പൊലീസിൽ നിന്നും രക്ഷപെടാൻ ആറ്റിൽ ചാടി. നദിയിലേക്ക് ചാഞ്ഞുകിടന്ന മരക്കൊമ്പിൽ ഒരു മണിക്കൂറോളം പിടിച്ചു കിടന്ന പ്രതി എബിനെ അഗ്നിരക്ഷാസേന എത്തി രക്ഷപെടുത്തി. മൽസ്യ വിൽപ്പനക്കാരനായ സംക്രാന്തി സ്വദേശി നാസറിനാണ് വെട്ടേറ്റത്. വാക്കത്തിയ്‌ക്ക് തലയ്‌ക്കു വേട്ടേറ്റ നാസറിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ എബിനെ ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തു.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ. മുൻപ് സംക്രാന്തിയിലെ ബിവറേജസ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയാണ്എബിൻ. ഇതടക്കം നിരവധി കേസുകളിൽ പ്രതിയായ എബിനെതിരെ നാസർ അപവാദം പറഞ്ഞു പരത്തുന്നതായി ആരോപിച്ചാണ് ആക്രമണം നടത്തിയത്. മീൻ വിൽപ്പനയ്‌ക്കു ശേഷം ബൈക്കിൽ വരികയായിരുന്ന നാസറിനെ വഴിയിൽ തടഞ്ഞു നിർത്തിയ പ്രതി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്‌ക്കു വെട്ടേറ്റ് നാസർ തറയിൽ വീണു. ഇതു കണ്ട് പ്രദേശവാസികൾ ഓടിയെത്തിയതോടെ പ്രതിയായ എബിൻ സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. പൊലീസും നാട്ടുകാരും എത്തിയതോടെ എബിൻ കൊടൂരാറിൻ്റെ കൈവഴിയായ ആറ്റിൽ ചാടുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്നു കയറിവരാൻ ഇയാളെ നിർബന്ധിച്ചെങ്കിലും എബിൻ കരയ്‌ക്കു കയറാൻ തയ്യാറായില്ല. ഒരു മണിക്കൂറോളം ഇയാൾ ആറ്റിൽ തണുത്തു വിറച്ചു കിടന്നു. തുടർന്ന് അഗ്‌നിരക്ഷാ സേനാ സംഘം എത്തി കരയിൽ നിന്ന് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ തയ്യാറായില്ല. ഒടുവിൽ പ്രതിയായ എബിൻ്റെ സഹോദരനെ വിളിച്ചു വരുത്തിയ അഗ്‌നിരക്ഷാ സേനാ സംഘം റബർ ഡിങ്കിയിൽ ആറ്റിലിറങ്ങി. എബിനെ വലിച്ച് ഡിങ്കിയിൽ കയറ്റി ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പ്രതിയെ പൊലീസിനു കൈമാറി. സംഭവത്തിൽ പരിക്കേറ്റ നാസറിൻ്റെ മൊഴിയെടുത്ത ശേഷം കേസെടുത്തു.