അസംഘടിത തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യൂ;സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യം

New Update

publive-image

Advertisment

അസംഘടിതമേഖലയിലെ തൊഴിലാളികളുടെ ദേശീയ വിവരശേഖരണത്തിന്റെ ഭാഗമായി ഇ-ശ്രം പോര്‍ട്ടലില്‍ ജില്ലയിലെ 16 നും 59 വയസ്സിനും ഇടയിലുള്ള ഇ.എസ്.ഐ, ജി.പി.എഫ് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത ഇന്‍കം ടാക്സ് പരിധിയില്‍ വരാത്ത എല്ലാ തൊഴിലാളികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് യൂണിക്ക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭിക്കും. ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കും.

നിര്‍മ്മാണ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, വഴിക്കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, മത്സ്യത്തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍ തുടങ്ങിയ കേരള ക്ഷേമനിധിയില്‍ അംഗങ്ങളായ ഇ.എസ്.ഐ, ഇ.പി.എഫ് പരിധിയില്‍ വരാത്ത എല്ലാ തൊഴിലാളികള്‍ക്കും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഇ-ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ നടപടികള്‍ ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും. തൊഴിലാളികള്‍ക്ക് പോര്‍ട്ടലിലേക്ക് Self Registration നുള്ള സൗകര്യവും കോമണ്‍ സര്‍വ്വീസ് സെന്റര്‍/ അക്ഷയ കേന്ദ്രങ്ങള്‍ / ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഐ.എഫ്.എസ്.സി ഉള്‍പ്പെടെയുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയുടെ സഹായത്തോടെ മൊബൈല്‍ ആപ്പ് വഴി Self Registration നടത്താം. തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്ത പക്ഷം കോമണ്‍ സര്‍വ്വീസ് സെന്ററുകള്‍ / അക്ഷയ കേന്ദ്രങ്ങള്‍ / ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് മുഖേനയോ ബയോമെട്രിക്ക് സംവിധാനത്തിലൂടെ രജിസ്ട്രേഷന്‍ നടത്താം. രജിസ്ട്രേഷന്‍ ഫീസ് ഈടാക്കുന്നതല്ല. ജില്ലയിലെ മുഴുവന്‍ അസംഘടിത തൊഴിലാളികളും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്ട്രേഷന്‍ നടത്തി അംഗങ്ങളാകണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Advertisment