സൈബര്‍ഡോം സൈബര്‍സുരക്ഷാ സെമിനാര്‍ സംഘടിപ്പിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സൈബര്‍ഡോം കോഴിക്കോട് ഇന്റര്‍നെറ്റ് സുരക്ഷാ ശില്‍പ്പശാലയും സെമിനാറും സംഘടിപ്പിച്ചു. ഗവ. സൈബര്‍പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ വെബ് അപ്ലിക്കേഷന്‍ സുരക്ഷ, ആന്‍ഡ്രോയ്ഡ് പെന്‍ടെസ്റ്റിങ് എന്നീ വിഷയങ്ങളിലാണ് ശില്‍പ്പശാല നടന്നത്. ഇ ഹാക്കിഫൈ അക്കാഡമി, റെഡ്ടീം ഹാക്കര്‍ അക്കാഡമി എന്നീ സൈബര്‍ സുരക്ഷാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഏകദിന പരിപാടി സംഘടിപ്പിച്ചത്. ഗവ. സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങിലാണ് കോഴിക്കോട് സൈബര്‍ഡോം ആസ്ഥാനം. നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവ് ഐപിഎസ്, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് ഐപിഎസ്, ഡെപ്യൂട്ടി കമ്മീഷണര്‍ സ്വപ്‌നില്‍ എം മഹാജന്‍ ഐപിഎസ്, സൈബര്‍പാര്‍ക്ക്, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

ഒക്ടോബര്‍ ഒന്നു മുതല്‍ 31 വരെയാണ് ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണം നടന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് സൈബര്‍ഡോം വിവിധ കോളെജുകളിലും സ്‌കൂളുകളിലുമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണ്‍ലൈന്‍ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

കോവിഡ് സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതോടെ സൈബര്‍ കുറ്റകൃത്യങ്ങളിലും വര്‍ധന ഉണ്ടായിട്ടുണ്ടെന്നാണ് പോലീസ് കണക്കുകള്‍ പറയുന്നത്. ഓണ്‍ലൈന്‍ പണമിടപാടുകള്‍, ഇ-കൊമേഴ്‌സ് തുടങ്ങി എല്ലാ രംഗത്തും സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി സൈബര്‍ സുരക്ഷാ മാസാചരണം നടത്തിയത്.

Advertisment