കൊച്ചി: കേരളത്തിൽ വർധിച്ചു വരുന്ന പ്രമേഹ രോഗികളുടെ എണ്ണം കണക്കിലെടുത്ത് സംസ്ഥാനത്തെ 200 ലേറെ പരിശോധനാ കേന്ദ്രങ്ങളിൽ പ്രമേഹ രോഗ നിർണയ പരിശോധനകളുമായി ഡി.ഡി.ആർ.സി എസ് ആർ എൽ ഡയഗ്നോസ്റ്റിക്സ്. ലോക പ്രമേഹ ദിനമായി ആചരിക്കുന്ന നവംബർ 14 നാണ് പരിശോധന നടത്തുക. പ്രമേഹ രോഗം നേരത്തെ നിർണയിക്കുന്നതിനും ഫലപ്രദമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനും പരമാവധി ജനങ്ങൾക്ക് അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, പ്രമേഹ രോഗ നിർണയത്തിനായുള്ള ഗോൾഡ് സ്റ്റാൻഡേർഡ് ഡയബറ്റിസ് പരിശോധനയായ എച്ച് ബി എ 1 സി ക്ക് 50 ശതമാനം ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഭേശീയ ശരാശരിയായ 8% വുമായി താരതമ്യം ചെയ്യുമ്പോൾ 20 % ത്തിലേറെ രോഗികളുമായി കേരളം രാജ്യത്തിൻ്റെ പ്രമേഹ തലസ്ഥാനമായി തുടരുകയാണ്. പഠനങ്ങൾ സൂചിപ്പിക്കുന്നത് നഗര ജനതയെ അപേക്ഷിച്ച് ഗ്രാമീണ ജനതയിൽ 11 - 19 ശതമാനം പുരുഷൻമാർക്കും 15-21 ശതമാനം സ്ത്രീകൾക്കും പ്രമേഹ രോഗ സാധ്യത കൂടുതലാണ്.
ലോകത്ത് പ്രമേഹ രോഗികളാകുന്ന ആറ് പേരിൽ ഒരാൾ ഇന്ത്യയിൽ നിന്നാണ്. 2019 വരെ 20 മുതൽ 79 വയസ് വരെയുള്ള പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഇന്ത്യക്ക് രണ്ടാം സ്ഥാനമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളത്. മലയാളികൾക്ക് പ്രമേഹ രോഗത്തെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനും നേരത്തെയുള്ള രോഗനിർണയത്തിലൂടെ പ്രതിവിധി തേടാനുമായാണ് എച്ച് ബി എ 1 സി പരിശോധനയ്ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എസ് ആർ എൽ ഡയഗ്നോസ്റ്റിക്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. ആനന്ദ് പറഞ്ഞു.
ജീവിതശൈലിയേക്കാൾ ജനിതക പാരമ്പര്യമാണ് കേരളത്തിലെ പ്രമേഹ രോഗികളിൽ കണ്ടു വരുന്നതെന്ന് ഡി.ഡി.ആർ.സി എസ് ആർ എൽ ഡയഗ്നോസ്റ്റിക്സ് കേരള ഡയറക്ടർ ഡോ. അജിത് ജോയി ചൂണ്ടിക്കാട്ടി. എച്ച് ബി എ 1 സി പരിശോധനയാണ് ഇതിന് ഏറ്റവും ഫലപ്രദം. നിയന്ത്രിതമായ അളവിൽ ബ്ലഡ് ഷുഗർ നോൺ ഡയബറ്റിക്കായി കണക്കാക്കാം. എന്നാൽ കേരളത്തിലെ 65 ശതമാനം പ്രമേഹ രോഗങ്ങളും മരുന്നുകൾ കൊണ്ട് നിയന്ത്രിക്കാവുന്നതിനപ്പുറമാണ്. അനിയന്ത്രിതമായ പ്രമേഹം ഭാവിയിൽ ഹൃദ്രോഗം, സ്ട്രോക്ക് , കാഴ്ച നഷ്ടപ്പെടൽ, കിഡ്നി, ലിവർ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. ആ രോഗ്യകരമായ ജീവിതത്തിന് ബ്ലഡ് ഷുഗർ നിയന്ത്രിക്കുക എന്ന സന്ദേശമാണ് ഡി.ഡി.ആർ.സി എസ് ആർ എൽ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എച്ച്.പി.സി.എൽ പോലെയുള്ള മികച്ച സാങ്കേതിക വിദ്യയിലൂടെ എച്ച് ബി എ 1 സി പരിശോധന നടത്തുമ്പോൾ തലസീമിയ, അയൺ ഡെഫിഷ്യൻസി അനീമിയ, പാരമ്പര്യ രോഗമായ സ്ഫിറോസൈറ്റോസിസ് തുടങ്ങിയ രോഗങ്ങൾ കൂടി കണ്ടെത്താൻ കഴിയുമെന്ന് ഡി.ഡി.ആർ.സി എസ് ആർ എൽ കേരള ബയോകെമിസ്ട്രി വിഭാഗത്തിലെ ഡോ.ഹരിശങ്കർ പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനിടയിൽ എച്ച് ബി എ 1 സി പരിശോധനയ്ക്ക് വിധേയമാക്കിയ 4,76,440 സാമ്പിളുകൾ ഡി.ഡി.ആർ.സി എസ് ആർ എൽ ഡയഗനോ സ്റ്റിക്സ് പഠനവിധേയമാക്കിയിരുന്നു. ഇതിൽ 18 ശതമാനം മാത്രമാണ് സാധാരണ അളവ് കാണിച്ചത്. 22 ശതമാനം പ്രീ ഡയബറ്റിക് കാണിച്ചപ്പോൾ 60 ശതമാനവും പ്രമേഹ രോഗബാധിതരാണ്. പുരുഷൻമാരുടെ സാമ്പിൾ പരിശോധിച്ചപ്പോൾ 22 ശതമാനം മാത്രം പ്രീ ഡയബറ്റിക് ആയപ്പോൾ 62 ശതമാനവും പ്രമേഹ രോഗമുള്ളവരായിരുന്നു. സ്ത്രീകളിൽ 23 ശതമാനം പ്രീ ഡയബറ്റിക്കും 57 ശതമാനം ഡയബറ്റിക് രോഗികളുമായിരുന്നു. 31 മുതൽ 45 വയസ് വരെയുള്ളവരുടെ സാമ്പിൾ പരിശോധിച്ചതിൽ 24 ശതമാനം പ്രീ ഡയബറ്റിക്കും 44 ശതമാനം ഡയബറ്റിക്കുമായിരുന്നു. പ്രമേഹ രോഗബാധ ഇല്ലാത്തവരിൽ എച്ച് ബി എ 1 സി യുടെ നോർമൽ മൂല്യം 5.7 ശതമാനമായിരിക്കും. 5.7 നും 6.4 നുമിടയിലാണ് എച്ച് ബി എ 1 സി ലെവൽ എങ്കിൽ പ്രമേഹ രോഗം ബാധിക്കാൻ സാധ്യത ഏറെയാണ്. 6.5 ശതമാനത്തിന് മുകളിൽ ഉള്ളവർ പ്രമേഹ ബാധിതരാണ്.