/sathyam/media/post_attachments/n123Q38CnZXplW1zzbMt.jpg)
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് ആണ് കീഴടങ്ങിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
ഒക്ടോബര്‍ 19-ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെ കഴിഞ്ഞ മാസം 20-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തു.
ഇതിനിടെ, മലപ്പുറം കാളികാവില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി ഇടപെട്ട് തടഞ്ഞു. കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്ബാകെ ഹാജരാക്കി നിലമ്ബൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാലക്കാട് ജില്ലയിലേക്ക് ഈ മാസം 15- ന് തിങ്കളാഴ്ചയായിരുന്നു കുട്ടിയെ വിവാഹം ചെയ്ത് അയക്കാന്‍ നിശ്ചയിച്ചിരുന്നത്.
കോളനിയില്‍ ബോധവത്ക്കരണ പരിപാടിക്കിടെയാണ് പതിനഞ്ചുകാരിയെ വിവാഹം ചെയ്തയക്കാന്‍ വീട്ടുകാര്‍ തയ്യാറെടുക്കുന്ന കാര്യം കാളികാവ് ശിശു വികസന ഓഫീസര്‍ അറിഞ്ഞത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ശിശു സംരക്ഷണ യൂണിറ്റ് ഇടപെട്ടാണ് വിവാഹം തടഞ്ഞത്.