Advertisment

കേരളത്തിലെ ഓരോ മനുഷ്യനും, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാതാപിതാക്കൾ ആഗ്രഹിച്ച നടപടിയാണ് കോൺഗ്രസ് സമരം ചെയ്ത് നേടിയെടുത്തത്-കെ. സുധാകരന്‍

New Update

തിരുവനന്തപുരം: കേരളത്തിലെ ഓരോ മനുഷ്യനും, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാതാപിതാക്കൾ ആഗ്രഹിച്ച നടപടിയാണ് കോൺഗ്രസ് സമരം ചെയ്ത് നേടിയെടുത്തതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മോഫിയയെ അപമാനിച്ച സിഐയെ പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

Advertisment

publive-image

ഫേസ്ബുക്ക് പോസ്റ്റ്...

കേരളത്തിലെ ഓരോ മനുഷ്യനും, പ്രത്യേകിച്ച് പെൺകുട്ടികളുടെ മാതാപിതാക്കൾ ആഗ്രഹിച്ച നടപടിയാണ് കോൺഗ്രസ് സമരം ചെയ്ത് നേടിയെടുത്തത്. മോഫിയയെ അപമാനിച്ച സിഐയെ പിണറായി വിജയൻ്റെ ആഭ്യന്തര വകുപ്പ് സംരക്ഷിക്കുകയായിരുന്നു. എന്നാൽ സിഐയ്ക്ക് തണലൊരുക്കി പിണറായി വിജയൻ വിരിച്ചു പിടിച്ച ചിറകരിയാൻ ഒരു കോൺഗ്രസുകാരൻ ആലുവ പോലീസ് സ്റ്റേഷനിൽ ഒറ്റയ്ക്ക് ചെന്നു.

അയാൾ തുടങ്ങി വെച്ച സമരം ഒരു തീജ്വാലയായി ആളിപ്പടർന്ന് വിജയം കൈവരിച്ചിരിക്കുന്നു. മോഫിയയ്ക്ക് നീതി കൊടുക്കാൻ ഒറ്റയാൾ പോരാട്ടം ആരംഭിച്ചത് ആലുവയുടെ സ്വന്തം അൻവർ സാദത്ത് എംഎൽഎ ആണ് .

പോരാട്ടത്തിന് കരുത്തു പകർന്ന് ബെന്നി ബഹനാൻ എം പി, റോജി എം ജോൺ എം എൽ എ , അബ്ദുൾ മുത്തലിബ്, എം ഒ ജോൺ ,ജെബി മേത്തർ തുടങ്ങിയ ഒട്ടനവധി നേതാക്കൾ കൂടെ ചേർന്നു. സമരഭൂമിയിൽ പ്രവർത്തകർ തീർത്ത പ്രതിഷേധ കാറ്റിനൊപ്പം ഹൈബി ഈഡൻ എം പി അടക്കമുള്ളവർ ഉണ്ടായിരുന്നു.

സമരത്തെ അഭിവാദ്യം ചെയ്യാൻ ഓടിയെത്തിയ പിസി വിഷ്ണുനാഥും വിടി ബൽറാമും ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസും കെ പി ധനപാലനും ടി ജെ വിനോദും എൽദോസ് കുന്നപ്പള്ളിയും ടി ജെ സനീഷ് കുമാറും ഒക്കെ അടങ്ങുന്ന നേതൃ നിരയാണ് നീതിക്കായുള്ള പോരാട്ടത്തിൻ്റെ വീര്യം കൂട്ടിയത്.പാർട്ടിയിലെ പല തലമുറ നേതാക്കൾ ഒറ്റക്കെട്ടായി മുന്നിൽ നിന്ന് നടത്തിയ സമരമാണ് ഇപ്പോൾ ലക്ഷ്യം കണ്ടിരിക്കുന്നത്.

ഇത് ജനങ്ങളുടെ വിജയമാണ്. ഏത് അനീതി നടന്നാലും ഞങ്ങൾക്ക് വേണ്ടി ഞങ്ങളുടെ ശബ്ദമാകാൻ ഒരു കോൺഗ്രസ് പ്രവർത്തകനെങ്കിലും ഉണ്ടാകുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ഈ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ വിജയം. ഹൃദയം കൊണ്ട് പട നയിച്ച് വാക്കുകൾ കൊണ്ട് പ്രവർത്തകരിൽ തീ പടർത്തിയ ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള മുഴുവൻ സമര നായകർക്കും ഹൃദയാഭിവാദ്യങ്ങൾ!

Advertisment