വിവാഹ രജിസ്ട്രേഷന് മതം മാനദണ്ഡമല്ല: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

New Update

publive-image

സംസ്ഥാനത്ത് വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്നും വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതിയെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Advertisment

2008ലെ വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, 2015ൽ ചട്ടത്തിൽ ഭേദഗതി വരുത്തി. തുടർന്നാണ് പരാതികൾ ഉയർന്നുവന്നതെന്ന് മന്ത്രി വ്യക്തമാക്കി.
വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ല.

വിവാഹ രജിസ്ട്രേഷന് വേണ്ടി കക്ഷികൾ നൽകുന്ന ഫോറം ഒന്നിൽ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതുമില്ല. നിലവിൽ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാൻ സമർപ്പിക്കുന്ന സ്‌കൂൾ സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിൽ നിന്നാണ് രജിസ്ട്രാർമാർ മതം നിർണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങൾ ലഭ്യമല്ലെങ്കിൽ അധിക വിവരങ്ങൾ ആരായുന്ന പതിവുണ്ട്. അത്തരം സമീപനങ്ങൾക്ക് അറുതിവരുത്താനാണ് സർക്കുലർ ഇറക്കിയതെന്നും സമൂഹത്തിലെ നവോത്ഥാന മൂല്യങ്ങളെ പരിപോഷിപ്പിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ ബാധ്യതയുടെ ഭാഗമാണിതെന്നും മന്ത്രി വ്യക്തമാക്കി.

Advertisment