കൊല്ലം: മുഴുവന്‍ സമയ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ രാധാമണിയമ്മയെ (78) 'പോരാളി' എന്നാണ് കെ.സി. വേണുഗോപാല്‍ എംപി വിശേഷിപ്പിക്കുന്നത്. കാരണം പാര്‍ട്ടിയുടെ എന്ത് കാര്യത്തിനും രാധാമണിയമ്മ എപ്പോഴും തയ്യാറാണെന്നും, ഇതുപോലെ അനേകായിരം പേര്‍ കോണ്‍ഗ്രസിലുണ്ടെന്നും വേണുഗോപാല്‍ പറയുന്നു. ഇവരിലൂടെയാകണം സമൂഹം കോണ്‍ഗ്രസിനോട് അടുക്കേണ്ടതെന്നും വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്...
ഇത് രാധാമണിയമ്മ. 78വയസ്സുണ്ട്. മുഴുവൻ സമയ കോൺഗ്രസ് പ്രവർത്തകയാണ്.
പ്രവർത്തക എന്നല്ല പോരാളി എന്നു തന്നെ പറയേണ്ടി വരും. കാരണം പാർട്ടിയുടെ എന്ത് കാര്യത്തിനും രാധാമണിയമ്മ എപ്പോഴും തയ്യാറാണ്. കരുനാഗപ്പള്ളിയിൽ തൊടിയൂർ, കല്ലേലിഭാഗം കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി ആരംഭിച്ച പണ്ഡിറ്റ് നെഹ്റു പാലിയേറ്റീവ് കെയർ & ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനത്തിനായി ഇന്നലെ തൊടിയൂരിൽ പോയപ്പോഴാണ് അമ്മയെ വീണ്ടും കണ്ടത്.
ഞാൻ ലോക്‌സഭയിലേക്ക് മത്സരിച്ച രണ്ട് തിരഞ്ഞെടുപ്പുകളിലും ഊണും ഉറക്കവുമുപേക്ഷിച്ച് വീടുവീടാന്തരം കയറിയിറങ്ങി വോട്ടു തേടിയ ആളാണ്. പ്രകടനങ്ങളിലും ജാഥകളിലും മറ്റാരേക്കാളിലും ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചും ആളെക്കൂട്ടിയും അമ്മ എപ്പോഴും മുന്നിലുണ്ടാകും. ഇന്നലെ ചടങ്ങിനെത്തിയപ്പോഴേ സദസ്സിലിരിക്കുന്നതു കണ്ടു. കണ്ടപാടെ കൈ ഉയർത്തി താനിവിടെയുണ്ടെന്നറിയിച്ചു. ഞാനങ്ങോട്ടു വരാമെന്ന് പ്രത്യഭിവാദ്യം ചെയ്തു.
തിരക്കു കാരണം പഴയ പോലെ എല്ലായിടത്തും ഓടിയെത്താനാകാത്തതിനാൽ ഇതുപോലെ മനസ്സുനിറഞ്ഞ് സ്നേഹിക്കുന്ന ഒത്തിരി പേരെ ഇടയ്ക്കിടെ കാണാൻ കഴിയുന്നില്ല. സ്റ്റേജിലെ ചടങ്ങുകളൊക്കെ കഴിഞ്ഞ് താഴെയിറങ്ങിയപ്പോഴേക്കും ഓടി വന്ന് കെട്ടിപ്പിടിച്ചു. വിശേഷങ്ങൾ ചോദിച്ചും ആരോഗ്യ കാര്യങ്ങൾ അന്വേഷിച്ചും അഞ്ചു മിനിറ്റ് ആ അമ്മയോടൊപ്പം ചിലവഴിച്ചു.
ഇന്നുവരെ ഒരു ആവശ്യവും പറഞ്ഞിട്ടില്ല. പക്ഷെ പ്രാരാബ്ധങ്ങളിലൂടെ കടന്നു പോകുന്ന ആ കുടുംബത്തിന്റെ പ്രയാസഘട്ടങ്ങളിലൊക്കെ പാർട്ടി കൂടെ നിന്നിട്ടുണ്ട്. ഇനിയും എല്ലാ പിന്തുണയും കോൺഗ്രസ് പ്രസ്ഥാനം ആ അമ്മക്കു നൽകും. കോൺഗ്രസുകാരനെന്ന നിലയിൽ സ്വന്തം മകനേക്കാളേറെ സ്നേഹമാണ്. എന്നോടു മാത്രമല്ല എല്ലാ കോൺഗ്രസുകാരോടും രക്തബന്ധത്തേക്കാളാറേ അടുപ്പമാണ്.
ഇങ്ങനെ അനേകായിരങ്ങളുണ്ട് നമ്മുടെ പാർട്ടിയിൽ. അവരിലൂടെയാകണം സമൂഹം ഈ പ്രസ്ഥാനത്തോടടുക്കേണ്ടത് എന്നതാണ് എന്റെ കാഴ്ചപ്പാട്. പാർട്ടി പുതിയതായി ആരംഭിച്ച പാലിയേറ്റീവ് കെയർ യൂണീറ്റിന്റെ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമാകുമെന്ന് ഉറപ്പു പറഞ്ഞിട്ടുണ്ട് ഈ അമ്മ.
ഇന്ന് തൊടിയൂരിലെ ഒരു സഹപ്രവർത്തകൻ ഈ ഫോട്ടോ അയച്ചു തന്നപ്പോൾ ഈ അമ്മയെക്കുറിച്ച് ഫേസ് ബുക്കിലൂടെ നിങ്ങളോട് പങ്കുവയ്ക്കണമെന്നു തോന്നിയതിനാലാണ് ഈ കുറിപ്പ്. നോവുന്ന ജീവിത യാഥാർത്ഥ്യങ്ങൾക്കിടയിലും എപ്പോഴും ചിരിക്കുന്ന മുഖം...രാധാമണിയമ്മയ്ക്ക് എന്റെ സ്നേഹാദരങ്ങൾ.