അഡ്വ.രശ്മിത രാമചന്ദ്രനെ സ്റ്റാൻഡിംഗ് കൗൺസിൽ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കണം- പ്രതികരണത്തിൽ തിരുമേനി

New Update

publive-image

Advertisment

രശ്മിത രാമചന്ദ്രനെ സ്റ്റാൻഡിംഗ് കൗൺസിൽ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കണം.
കേരള സർക്കാറിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കൗൺസിലാണ് അഡ്വ. രശ്മിത രാമചന്ദ്രൻ. അതായത് ഇദ്ദേഹത്തിന്റെ ശമ്പളം നൽകുന്നത് കേരള സർക്കാരാണ്. അഡ്വ. രശ്മിത രാമചന്ദ്രൻ മലയാളികൾക്ക് സുപരിചിതയാണ്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പൗരത്വ ഭേദഗതി ബില്ലിന്റെ വിഷയത്തിലും എല്ലാം ചാനൽ ചർച്ചകളിൽ അഡ്വ. രശ്മിത പങ്കെടുത്തിട്ടുണ്ട്. ഇടത് പക്ഷ ആശയങ്ങളോട് ചേർന്ന് നിന്ന് കൊണ്ട് തന്റെ അഭിപ്രായം വിശദീകരിക്കുന്നതിൽ ഇവർ സമർത്ഥയുമാണ്. എന്നാൽ രാജ്യത്തിന്റെ നിലനിൽപിന്റേയും രാജ്യസുരക്ഷയുടേയും ദേശ സ്നേഹത്തിന്റെയും കാര്യത്തിൽ എല്ലാ ഇന്ത്യൻ പൗരനും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാൻ ബാധ്യസ്ഥരാണ്.

അതിൽ യാതൊരു വിട്ടുവീഴ്ചയും ഒരു ഇന്ത്യൻ പൗരനും ചെയ്യരുത്. രാജ്യമാണ് ഒന്നാമത്. നമ്മുടേത് ഒരു ജനാധിപത്യ റിപ്പബ്ലിക് രാജ്യമാണ്. തിരഞ്ഞെടുപ്പിലൂടെയാണ് ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത്. എപ്പോഴും നമ്മുടെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്നവർ ഭരണാധികാരികൾ ആകണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. രാഷ്ട്രീയം വിടുക. ദേശസ്നേഹവും സ്വന്തം കാഴ്ചപ്പാടുകളും കൂട്ടിക്കുഴക്കരുത്. ഏതൊരു ഭാരത പൗരനും ഇന്ത്യയോട് സ്നേഹമുണ്ടായിരിക്കണം.

ഇനി അഡ്വ രശ്മിതയുടെ കാര്യത്തിലേക്ക് തിരികെ വരാം. മേൽപറഞ്ഞ കാര്യങ്ങൾ മറ്റുള്ളവരേക്കാളും നന്നായി മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് അഡ്വ.രശ്മിത. ഇന്ത്യൻ നിയമവും ഭരണഘടനയും നന്നായി ഹൃദിസ്ഥമാക്കിയിട്ടുള്ള അഡ്വ രശ്മിത രാമചന്ദ്രൻ എടുത്ത ഒരു ദേശവിരുദ്ധ നിലപാടാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കോപ്റ്റർ അപകടത്തിൽ മരണമടഞ്ഞ ജനറൽ ബിപിൻ റാവത്തിനെക്കുറിച്ച് അവർ നടത്തിയ അപകീർത്തികരമായ പരാമർശം ഒരിക്കലും ക്ഷമിക്കാവുന്നതല്ല.

മരണമടഞ്ഞ ഒരു വ്യക്തിയെ കുറിച്ച് അധിക്ഷേപകരമായ പരാമർശം ആരും നടത്താറില്ല.
ഇവിടെ ഗൗരവം വളരെ കൂടുതലാണ്. രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി തന്റെ കർത്തവ്യ നിർവഹണത്തിനിടെ ദാരുണമായി കൊല്ലപ്പെട്ടിരിക്കുന്നു. അപകടമാണോ അതോ അട്ടിമറിയാണോ എന്ന അന്വേഷണം നടന്നുകൊണ്ടിരിക്കുന്നു. രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ വേർപാടിൽ വിതുമ്പുന്നു.

ലോകരാജ്യങ്ങൾ അദ്ദേഹത്തിന്റെ സേവനങ്ങളെ വാഴ്ത്തിപ്പാടുന്നു. ലോക രാഷ്ട്രങ്ങളുടെ പ്രതിനിധികൾ അദ്ദേഹത്തിന്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുന്നു. ഒരു മലയാളി ധീര ജവാനും ഈ അപകടത്തിൽ മരണപ്പെട്ടു. രാജ്യം പകച്ച് നിൽക്കുന്ന ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയിലെ ഒരു അഭിഭാഷകയായ രശ്മിത രാമചന്ദ്രൻ ജനറൽ ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയത്.

ഇദ്ദേഹം സാധാരണ അഭിഭാഷകയല്ല മറിച്ച് സർക്കാർ ശമ്പളം പറ്റുന്ന അഭിഭാഷകയാണ്.
ഇത് ഒരിക്കലും വച്ച് പൊറുപ്പിക്കാവുന്ന ഒരു കാര്യമല്ല. അഡ്വ. രശ്മിത രാമചന്ദ്രനെ കേരള സർക്കാർ ഉടനടി ആ സ്ഥാനത്ത് നിന്ന് നീക്കണം. സർവീസിൽ നിന്ന് വിരമിച്ച ജവാന്മാർ അഡ്വ. രശ്മിതക്കെതിരെ അഡ്വക്കറ്റ് ജനറലിന് പരാതി നൽകിയിരിക്കുകയാണ്. സംസ്ഥാന ആരോഗ്യ മന്ത്രിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ അട്ടപ്പാടി ആശുപത്രിയിലെ സൂപ്രണ്ടിനെ ഇരുട്ടി വെളുക്കുന്നതിനു മുൻപ് സ്ഥലം മാറ്റിയ സർക്കാരാണ് ഇത് എന്ന് കൂടി ഓർക്കണം.

Advertisment