'ഒരു തളിരിലയും ഒരു തുള്ളി നിലാവും' ; പതിനാലാമത് കക്കാട് സാഹിത്യ പുരസ്‌കാരം സിനാഷക്ക്‌

New Update

publive-image

കോഴിക്കോട്: മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി പതിനെട്ടുവയസ്സിൽ താഴെയുള്ള വർക്കായി ഏർപ്പെടുത്തിയ എൻ എൻ കക്കാട് സാഹിത്യ പുരസ്‌കാരം കാസറഗോഡ് ഗവൺമെൻ്റ് ഹയർസെക്കണ്ടറിസ്കൂൾ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സിനാഷ കരസ്ഥമാക്കി.സിനാഷ യുടെ "ഒരു തളിരിലയും ഒരു തുള്ളി നിലാവും "എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ഡോ :ഗോപി പുതുക്കോട്, ഡോ :ശ്രീശൈലം ഉണ്ണികൃഷ്ണൻ, കെ.പി. ബാബുരാജ് എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റി യാണ് ജേതാവിനെ തെരെഞ്ഞെടുത്തത്.

Advertisment

കാസറഗോഡ് ഡയറ്റ് യു പി സ്കൂൾ അധ്യാപകൻ ശ്രീകുമാർ സ്മിത ദമ്പതികളുടെ മകളാണ്. ഒന്നാം ക്ലാസ്സ് മുതൽ മലയാളം മീഡിയം സർക്കാർ വിദ്യാലയത്തിലാണ് പഠനം. പ്രസിദ്ധീകരിച്ച നോവലുകൾ:ദ മിസ്റ്റീരിയസ് ഫോറസ്റ്റ്, സോംഗ് ഓഫ് ദ റിവർ (ഇംഗ്ലീഷ്, ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയത്), എ ഗേൾ ആൻ്റ് ദ ടൈഗേഴ്സ് (ഇംഗ്ലീഷ്), പൂവണിയുന്ന ഇലച്ചാർത്തുകൾ, കടലിന്റെ രഹസ്യം,ചെമ്പനീർപ്പൂക്കൾ (ആൻ ഫ്രാങ്കിന്റെ ജീവിതം പ്രമേയമായ നോവൽ), ടെർമിനാലിയ പാനിക്കുലേറ്റ (ഇംഗ്ലീഷ് നോവൽ) എന്നിവ അച്ചടിയിൽ. മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ എഴുതുന്നു. നോവലിനു പുറമേ കഥകൾ,കവിതകൾ, ഡയറിക്കുറിപ്പുകൾ, വായനാക്കുറിപ്പുകൾ, സിനിമാക്കുറിപ്പുകൾ, കളിവിവരണങ്ങൾ,ഇംഗ്ലീഷ് ഗാനങ്ങൾ തുടങ്ങിയവയെല്ലാം എഴുതുന്നുണ്ട്.

മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും അനായാസം മൊഴിമാറ്റം ചെയ്യും. സ്വന്തമായി പഠിച്ചെടുത്ത രീതിയിൽ ധാരാളം പെയിന്റിംഗുകളും സിനാഷ വരച്ചിട്ടുണ്ട്. എഡ്മണ്ട് സ്പെൻസർ എഴുതിയ ഇംഗ്ലീഷ് കവിതയിലെ ഇതിഹാസമായി കണക്കാക്കുന്ന എപ്പിത്തലാമിയോൺ എന്ന പതിനാറാം നൂറ്റാണ്ടിലെ നീണ്ട കവിത മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.റോയൽ കോമൺവെൽത്ത് സൊസൈറ്റി 54 അംഗ രാജ്യങ്ങളിലെ കുട്ടികൾക്കായി നടത്തിയ സാഹിത്യത്സരത്തിൽ (ക്യു സി ഇ സി 2021) സിനാഷയുടെ കവിത ഗോൾഡ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 25628 പേരിൽ നിന്ന് 171 പേരെയാണ് ഈ അവാർഡിനു തെരഞ്ഞെടുത്തത്.

ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനത്തോടനുബന്ധിച്ചു നടത്തിയ കഥ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സിനാഷയുടെ കഥ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
വിവിധ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഉജ്വലബാല്യം 2020 പുരസ്കാരം ലഭിച്ചിട്ടുണ്ട്.പുരസ്‌കാര സമർപ്പണം ജനുവരിയിൽ കോഴിക്കോട് നടക്കും.

Advertisment