/sathyam/media/post_attachments/nFqbkOhPZLsTtPBWdGPf.jpeg)
സ്ത്രീ സമത്വം വിഷയീകരിക്കുന്നത് സാംസ്കാരിക വളർച്ചയ്ക്ക് ഉത്തമമാകുമെന്നും സ്ത്രീസമത്വത്തിന് ആക്കം കൂട്ടുമെന്നും നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. സ്ത്രീ സമത്വത്തിന് സാംസ്‌ക്കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സാംസ്‌ക്കാരിക വകുപ്പ് വിഭാവനം ചെയ്ത 'സമം'പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദളിത്, സ്ത്രീ വിഭാഗങ്ങൾ ചരിത്രപരമായും സാമൂഹികപരമായും അടിച്ചമർത്തലിന് വിധേയമായവരാണ്. സമത്വം പെട്ടെന്ന് ഉണ്ടാകുന്നതല്ല. നൂറ്റാണ്ടുകളായി സമൂഹത്തിൽ അസമത്വം നിലനിൽക്കുന്നുണ്ട്. പുറം ലോകം പുരുഷന്മാരുടേയും അകത്തളങ്ങൾ സ്ത്രീയുടേതും എന്നാണ് വ്യാഖ്യാനം. ഈ അസമത്വം ഭേദിച്ച് സമത്വം ഉറപ്പ് വരുത്തണം. സമൂഹത്തിലെ അസമത്വം ഭേദിച്ചവരാണ് സമൂഹിക മാറ്റം കൊണ്ടു വന്നിട്ടുള്ളത്.
ആൺ-പെൺ വ്യത്യാസവും വിവേചനവും ചെറുപ്പം മുതൽ തന്നെ ആളുകൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. സമൂഹത്തിൽ ആൺകുട്ടികൾക്ക് പ്രത്യേക പരിഗണന എന്നത് വർഷങ്ങളായി രൂപപ്പെട്ടിട്ടുള്ളതാണ്.
സ്ത്രീകൾക്കെതിരെ സ്ത്രീകൾ തന്നെ മുന്നോട്ടു വരുന്ന സാഹചര്യമുണ്ട്. അടിച്ചമർത്തലിന്റെ ഏറ്റവും പ്രാഥമികമായ രൂപം കുടുംബമാണ്. മാറ്റങ്ങൾ തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നാണ്.
സമത്വത്തിനായി നാം ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്നും ഫ്യൂഡൽ മൂല്യബോധത്തിന്റെയും വിപണി ഉപകരണങ്ങളാക്കി സ്ത്രീകളെ മാറ്റുന്ന ആധുനിക മൂല്യബോധത്തിന്റെയും കെട്ടുപാടുകൾ പ്രധാനപ്പെട്ടതാണെന്നും സ്പീക്കർ പറഞ്ഞു. ഇവ രണ്ടും ഒന്നിച്ച് ലിംഗനീതിയെന്ന കാഴ്ചപ്പാട് ഇല്ലാതാക്കുന്നു.
വലിയ സമരങ്ങളിലൂടെയാണ് സമത്വം എന്ന ആശയം മുന്നോട്ടു വന്നിട്ടുള്ളത്. സ്ത്രീകളെ ആദരിക്കുന്നതിൽ മാത്രം സമം എന്ന കാഴ്ചപ്പാട് ഒതുങ്ങരുത്. സമൂഹത്തെ അസ്വസ്ഥമാക്കുന്ന, അലോസരപ്പെടുത്തുന്ന, മുറിവേൽപ്പിക്കുന്ന, തീക്ഷ്ണമായ ചോദ്യങ്ങൾ, ചർച്ചകൾ, ചിന്തകൾ എന്നിവ അതിശക്തമായി ഉയർത്തിക്കാണിക്കുന്ന വേദിയായി സമം ക്യാമ്പയിൻ മാറേണ്ടതുണ്ടെന്നും സ്പീക്കർ വ്യക്തമാക്കി.
സ്ത്രീ സമത്വത്തിനായി വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ കണ്ണി ചേർത്ത് വളർന്നുവരുന്ന തലമുറയെ ലിംഗ ഭേദമില്ലാതെ വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് അധ്യക്ഷയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ പറഞ്ഞു. സമത്വ സുന്ദരമായ സാമൂഹിക വ്യവസ്ഥിതി ഉടലെടുക്കാനുള്ള പ്രവർത്തനങ്ങളാണ് സമം ക്യാമ്പയിനിലൂടെ ജില്ലയിൽ നടപ്പാക്കുന്നത്. ആദിവാസി മേഖലയിൽ സാംസ്കാരിക പ്രവർത്തനങ്ങൾ കൂടുതലായി നടപ്പാക്കുമെന്നും താഴെത്തട്ട് മുതൽ സമം ക്യാമ്പയിൻ വ്യാപിപ്പിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങളാണ് ജില്ലയിൽ വിഭാവനം ചെയ്യുന്നതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, സാംസ്‌ക്കാരിക വകുപ്പിന് കീഴിലുള്ള സാംസ്‌ക്കാരിക സ്ഥാപനങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ്, യുവജന കമ്മീഷന്‍, വജ്രജൂബിലി ഫെല്ലോഷിപ്പ് അംഗങ്ങള്‍, നെഹ്റു യുവകേന്ദ്ര, സര്‍വ്വകലാശാല - കോളേജ് യൂണിയനുകള്‍, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, സമം ജില്ലാതല സംഘാടക സമിതി കണ്‍വീനറും ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറിയുമായ ടി.ആര്‍ അജയന്‍, ഒ.വി.വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ്, യുവജനക്ഷേമ ബോര്‍ഡ് അംഗം ഷെനിന്‍ മന്ദിരാട്, വി.സേതുമാധവന്‍, ടി.കെ ദേവദാസ്, ചളവറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ചന്ദ്രബാബു, പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.രാമൻ കുട്ടി എന്നിവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us