അനുഷ്ഠാനപെരുമയില്‍ ആലങ്ങാട്ട് സംഘം കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിച്ചു

New Update

publive-image

പാലാ: അനുഷ്ഠാനപെരുമയില്‍ ആലങ്ങാട്ട് സംഘം കാവിന്‍പുറം ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിച്ചു. പേട്ടകെട്ടിന് മുന്നോടിയായി പ്രസിദ്ധമായ ആലങ്ങാട്ട് സംഘം കാണിക്കിഴി സമര്‍പ്പണത്തിനായി ഇന്നലെ രാവിലെ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രസന്നിധിയില്‍ എത്തിയത്. സമൂഹപെരിയോന്‍ അമ്പാടത്ത് എ.കെ. വിജയകുമാര്‍, ആലങ്ങാട്ട് യോഗപ്രതിനിധികളായ എം.എന്‍. രാജപ്പന്‍നായര്‍, രാജേഷ്‌കുറുപ്പ് പുറയാറ്റികളരി, വെളിച്ചപ്പാടുമാരായ ദേവദാസ് കുറ്റിപ്പുഴ, അജയന്‍ ആഴകം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തിയത്.

Advertisment

അയ്യപ്പന്റെ ചൈതന്യമുള്ള ഗോളകയുമായി പേട്ടകെട്ടിന് മുന്നോടിയായി ആലങ്ങാട്ട് സംഘം നടത്തുന്ന രഥഘോഷയാത്രയില്‍ കാണിക്കിഴി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണ് കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം. ഇന്ന് രാവിലെ 8 മണിയോടെ കാവിന്‍പുറത്ത് എത്തിയ സംഘം ശരണമന്ത്രങ്ങളോടെ ശ്രീകോവിലിന് വലംവച്ച് കാണിക്കിഴി സോപാനത്തിങ്കല്‍ സമര്‍പ്പിച്ചു. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി വിശേഷാല്‍ പ്രസാദം ആലങ്ങാട്ട് സംഘത്തിന് നല്‍കി.

publive-image

ആലങ്ങാട്ട് സംഘം ആനയിച്ചുകൊണ്ടുവരുന്ന അയ്യപ്പ ചൈതന്യത്തിന് മുന്നില്‍ ഭക്തര്‍ നേരിട്ട് നീരാഞ്ജനം സമര്‍പ്പിച്ചു. നാളികേരമുടച്ച് എള്ളുതിരിയിട്ട് ദീപം തെളിയിച്ച് ഭക്തര്‍ നേരിട്ട് അയ്യപ്പന് നീരാഞ്ജനം ഉഴിയുന്ന ഈ അനുഷ്ഠാനം കാവിന്‍പുറം ക്ഷേത്രത്തില്‍ മാത്രമേയുള്ളൂ. അയ്യപ്പന് നേരിട്ട് പൂജ ചെയ്യാന്‍ ലഭിക്കുന്ന ഈ ഭാഗ്യാവസരത്തിനായി ദൂരെദിക്കില്‍ നിന്നു പോലും നിരവധി ഭക്തര്‍ ഇന്നലെ കാവിന്‍പുറത്തെത്തിയിരുന്നു. സമൂഹ നീരാഞ്ജന സമര്‍പ്പണത്തിന് ശേഷം ആലങ്ങാട്ട് പ്രാതലും നടന്നു.

കാവിന്‍പുറം ക്ഷേത്രത്തിലെത്തിയ ആലങ്ങാട്ട് സംഘത്തെ ദേവസ്വം ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, പി.എസ്. ശശിധരന്‍, തങ്കപ്പന്‍ കൊടുങ്കയം, സുരേഷ് ലക്ഷ്മിനിവാസ്, ജയചന്ദ്രന്‍ വരകപ്പള്ളില്‍, ത്രിവിക്രമന്‍ തെങ്ങുംപള്ളില്‍, ഗോപകുമാര്‍, പ്രസന്നന്‍ കാട്ടുകുന്നത്ത്, ആര്‍. സുനില്‍കുമാര്‍, ഉമാ ത്രിവിക്രമന്‍, രശ്മി അനില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Advertisment