500 ഫയലുകൾ മുക്കിയത് 1,600 കോടിയുടെ അഴിമതി മറച്ച് വെക്കാനാണ്; സെക്രട്ടറിയേറ്റ് കത്തിച്ചതും അഴിമതി മറയ്ക്കാനായിരുന്നല്ലൊ! കെ-റെയിൽ വരുന്നതിന് മുമ്പ് കെ-ആശുപത്രിയാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടാക്കേണ്ടത്-കെ. സുരേന്ദ്രന്‍

New Update

publive-image

Advertisment

തിരുവനന്തപുരം: കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിലകുറഞ്ഞ കത്തുകൾ അയച്ച് കേരള വിസി രാഷ്ട്രപതിയെ അവഹേളിച്ചുവെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അമാന്യമായ നിലപാടാണ് കേരള വിസിയിൽ നിന്നുമുണ്ടായത്. ദേശവിരുദ്ധ ചിന്താഗതിക്കാരെ സഹായിക്കുന്ന നിലപാടാണിത്. ഉന്നത വിദ്യാഭ്യാസമേഖല രാഷ്ട്രീയ അതിപ്രസരത്തിന്റെ കേന്ദ്രമായി. വിഡി സതീശൻ ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ബാറ്റിംഗ് നിർത്തണം. ഗവർണർക്കെതിരെ ആക്ഷേപം ചൊരിയുന്ന സതീശൻ സ്വയം അപഹാസ്യനായി മാറി കഴിഞ്ഞു.

സിപിഎമ്മിന് വേണ്ടി കുഴലൂതുന്ന പ്രതിപക്ഷ നേതാവാണ് അദ്ദേഹം. ഭരണപക്ഷത്തിന് വേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ ഒരേഒരു പ്രതിപക്ഷ നേതാവാണ് അദ്ദേഹം. സതീശൻ പറയുന്നത് ബിജെപിയുടെ ഗവർണർ എന്നാണ്. കോൺഗ്രസ് 45 കൊല്ലം ഭരിച്ചപ്പോൾ കോൺഗ്രസ് ഗവർണറായിരുന്നോവെന്ന് അദ്ദേഹം വ്യക്തമാക്കണം. ഭരണഘടനാപദവിയായ ഗവർണറെ പോലും അപമാനിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയമാണ് പ്രതിപക്ഷ നേതാവിനുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു.

മനസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കൊവിഡ് കാലത്ത് പിണറായി സർക്കാർ നടത്തിയത്. നമ്പർ വൺ കേരളത്തിൽ ഉറക്കമൊഴിഞ്ഞ് ടീച്ചറമ്മ കൊള്ള നടത്തി. നടത്തിയ കൊള്ളയെല്ലാം മുഖ്യമന്ത്രിയുടെ കൂടി അറിവോടെയാണെന്നാണ് പഴയ ആരോഗ്യമന്ത്രി പറയുന്നത്. പുതിയ ആരോഗ്യമന്ത്രിയും അതേരീതിയിലാണ് പോകുന്നത്.

500 ഫയലുകൾ മുക്കിയത് 1,600 കോടിയുടെ അഴിമതി മറച്ച് വെക്കാനാണ്. സെക്രട്ടറിയേറ്റ് കത്തിച്ചതും അഴിമതി മറയ്ക്കാനായിരുന്നല്ലൊ. കെ-റെയിൽ വരുന്നതിന് മുമ്പ് കെ-ആശുപത്രിയാണ് മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടാക്കേണ്ടത്. ജനങ്ങൾക്ക് കിട്ടിയില്ലെങ്കിലും മന്ത്രിമാർക്കും എംഎൽഎമാർക്കും എങ്കിലും നല്ല ചികിത്സ കിട്ടട്ടെ. സാമ്രാജ്യത്വത്തിന്റെ രാജ്യമായ അമേരിക്കയിൽ പോകാനുള്ള സാഹചര്യം ഉണ്ടാവാതിരിക്കട്ടെ. സംസ്ഥാന വ്യാപകമായി കെ-റെയിലിനെതിരെ ബിജെപി സമരം ചെയ്യും.

പല്ലും നഖവും ഉപയോഗിച്ച് ജനവിരുദ്ധ പദ്ധതി തടയും. കോൺഗ്രസിന്റെ കെ-റെയിൽ വിരുദ്ധ സമരം അഡ്ജസ്റ്റ്മെന്റ് മാത്രമാണ്. ബിജെപി ജനങ്ങളെ സംഘടിപ്പിച്ച് വലിയ പ്രക്ഷോഭം നടത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Advertisment