/sathyam/media/post_attachments/Jhnrzbbbq4q7rpTHuJnQ.jpg)
പാലാ: രാഷ്ട്രീയത്തിൽ ഇപ്പോൾ ഇരുമുന്നണികളുടെ കോർട്ടുകളിൽ ആണിവർ. വോളിബോൾ കോർട്ടിൽ കളിയ്ക്കിറങ്ങിയപ്പോഴും ഇരുവരും വെവ്വേറെ 'മുന്നണി'യിൽ നിന്ന് ഏറ്റുമുട്ടി. അതിലൊരാൾ സംസ്ഥാന ജലവിഭവവകുപ്പു മന്ത്രി. മറ്റെയാൾ പാലായിലെ എം. എൽ. എ. വോളിബോളിന്റെ തട്ടകമെന്നു പറയാവുന്ന മീനച്ചിൽ താലൂക്കിൽ നിന്നുള്ള റോഷി അഗസ്റ്റിനും മാണി സി. കാപ്പനുമാണ് കഴിഞ്ഞ ദിവസം പാലാ വലവൂരിൽ നടന്ന മേഖല മാസ്റ്റേഴ്സ് വോളിബോൾ ടൂർണമെന്റ് കോർട്ടിൽ ഉശിരൻ പ്രകടനം കാഴ്ചവെച്ചത്. ഒരുകാലത്ത് അവരവരുടെ പ്രദേശങ്ങളിൽ വോളിബോളിലെ മിന്നും താരങ്ങളായിരുന്നു ഇരുവരും. സ്വന്തം മണ്ഡലമായ ഇടുക്കിയ്ക്കൊപ്പം റോഷി നിന്നപ്പോൾ കാപ്പൻ കോട്ടയം ടീമിനൊപ്പം കൂടി.
വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. മന്ത്രി ഉദ്ഘാടകനും എം.എൽ.എ. അധ്യക്ഷനുമായിരുന്നു. മുൻ അന്തർദ്ദേശീയ താരം കൂടിയായ മാണി സി. കാപ്പൻ ജേഴ്സി അണിഞ്ഞു കൊണ്ടായിരുന്നു എത്തിയത്. റോഷിയാകട്ടെ എത്തിയ ശേഷമാണ് ജേഴ്സി അണിഞ്ഞത്. ചക്കാമ്പുഴക്കാരനായ മന്ത്രി റോഷി അഗസ്റ്റിൻ പാലാ സെന്റ് തോമസ് കോളേജിലെ പഠനകാലത്തൊക്കെ വോളിബോളിൽ സജീവമായിരുന്നു. പ്രസംഗത്തിൽ തങ്ങളുടെ വോളിബോൾ കാലഘട്ടത്തെക്കുറിച്ച് ഇരുവരും കാണികളുമായി പങ്കുവച്ചു. ഹർഷാരവം മുഴക്കി ആവേശത്തോടെയാണ് ഇരുവരെയും കാണികൾ കളിക്കളത്തിലേക്കിറക്കിയത്.
ഇരുവരും പരസ്പരം പന്തുതട്ടി മത്സരം ഉദ്ഘാടനം ചെയ്തു. റോഷി നൽകിയ പാസ് എടുത്ത മാണി സി കാപ്പൻ അതു തിരിച്ചു റോഷിക്കിട്ടു നൽകി. സഹകളിക്കാരും പങ്കാളികളായി. പത്തു മിനിറ്റോളം പഴയ ഓർമ്മകളുമായി പന്തുതട്ടി കളിച്ചശേഷമാണ് ഇരുവരും കോർട്ടിൽ നിന്നും തിരികെ കയറിയത്. ഫിലിപ്പ് കുഴികുളം ആമുഖപ്രസംഗം നടത്തി. പ്രൊഫ വി. കെ. സരസ്വതി, സന്തോഷ് കുര്യത്ത്, ബസി ജോയി, സുമിത്ത് ജോർജ്, പി. സി. രവി, ശ്രീരാഗം രാമചന്ദ്രൻ, ജോപ്പി ജോർജ്, അഡ്വ സോമശേഖരൻ നായർ, അഗസ്റ്റിൻ അലക്സ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us