/sathyam/media/post_attachments/W2Ac7r71YV8rTwndVTo9.jpg)
മലമ്പുഴ: പാലക്കാട് അകത്തേതറ ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പതിനഞ്ച് വര്‍ഷമായി അടഞ്ഞുകിടക്കുന്ന വീടായിരുന്നു ഇത്. ഗുജറാത്തില്‍ സ്ഥിരതാമസമാക്കിയ മാധവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രദേശവാസിയായ പൊന്നന്‍ എന്നയാളെ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്നു.
രാവിലെ പൊന്നന്‍ എത്തിയപ്പോള്‍ വീടിനുള്ളില്‍ ശബ്ദം കേട്ടു. നായയാണെന്ന് കരുതി ജനലില്‍ തട്ടിയതോടെ തള്ളപ്പുലി ഇറങ്ങിയോടിയെന്ന് പൊന്നന്‍ പറഞ്ഞു. പിന്നീട് നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും തള്ളപ്പുലിയെ കണ്ടെത്താനായില്ല.
കുഞ്ഞുങ്ങളുള്ളതിനാല്‍ പുലി വീണ്ടുമെത്തുമെന്നാണ് കരുതുന്നത്. അതിനാല്‍, രാത്രി കൂടൊരുക്കി പുലിയെ പിടിക്കാമെന്ന ധാരണയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us