കേരള പോലീസ് ആർ.എസ്.എസിന് വീടുപണി ചെയ്യുന്നത് അവസാനിപ്പിക്കുക : നാഷണൽ വിമൻസ് ഫ്രണ്ട്

New Update

publive-image

മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന ബുള്ളി ഭായി ആപ്പിനെതിരെ പ്രതികരിക്കുകയും സമൂഹമാധ്യമങ്ങളിൽ ആ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തവർക്കെതിരെ കേസ് എടുത്ത കേരള പോലീസ് നടപടിയിൽ എൻ ഡബ്ല്യൂ എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഖമറുന്നിസ ശക്തമായി പ്രതിഷേധിച്ചു.

Advertisment

കഴിഞ്ഞ ദിവസമാണ് ബുള്ളി ഭായ് ആപ്പിനെതിരെ മൂന്ന് വിദ്യാർത്ഥികൾ വളരെ പ്രതീക്ഷയോടെ മുഖ്യമന്ത്രിയ്ക്ക് പരാതി കൊടുത്തത്. കേരളത്തിലെ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്ത്രീ സംരക്ഷണം എന്നത് വാക്കുകളിൽ മാത്രം ഒതുക്കുകയും മുസ്ലിം സ്ത്രീകളെ വീണ്ടും അപമാനിക്കുകയും ചെയ്തിരിക്കുകയാണ്.

മുസ്ലീങ്ങളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനങ്ങളും മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യണമെന്ന ആക്രോശങ്ങളും നിരന്തരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും അത് ഷെയർ ചെയ്യുകയും ചെയ്യുന്നവർക്കെതിരെ യാതൊരു നടപടിയും എടുക്കാതെ അതിനെതിരെ പ്രതികരിക്കുന്നവർക്കെതിരെ കേസ് എടുക്കുന്നതിലൂടെ ഇരകളെയും ഇരകളെ പിന്തുണയ്ക്കുന്നവരെയും അപമാനിക്കുന്ന സമീപനമാണ് കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് . ഇത്തരം ആഹ്വാനങ്ങൾ കേട്ട് വംശവെറി പൂണ്ട ഒരു കൂട്ടം ചെറുപ്പക്കാരാണ് ബുള്ളി ഭായ് പോലുളള ആപ്പ് ഉപയോഗിച്ചു കൊണ്ട് മുസ്ലിം സ്ത്രീകളെ സൈബർ ഇടങ്ങളിൽ വില്പനക്ക് വച്ചിരിക്കുന്നത്. നേരത്തെ സുള്ളി ഡീൽ എന്ന പേരിൽ സംഘ പരിവാറിന്റെ വൃത്തികെട്ട മുഖം നാം കണ്ടതാണ്. അന്ന് അത് നിർമ്മിച്ചവർക്കെതിരെ കാര്യക്ഷമമായി അന്വേഷണം നടത്തുകയും നടപടി എടുക്കുകയും ചെയ്തിരുന്നുവെങ്കിൽ ഇന്ന് ബുള്ളി ഭായ് ആപ്പ് എന്ന അതിക്രമത്തിന് ആരും മുതിരില്ലായിരുന്നു.

ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും നാഴികക്ക് നാൽപത് വട്ടം പ്രസംഗിച്ചു കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് കാർ ഭരിക്കുന്ന കേരളത്തിലാണ് ആർഎസ്എസ്സിനെതിരെ പോസ്റ്റ് ഷെയർ ചെയ്തതിന്റെ പേരിൽ കേസ് എടുത്തിരിക്കുന്നു എന്നത് ആശ്ചര്യകരമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ പോലും പിന്നിലാക്കി കൊണ്ടാണ് മുസ്ലിം വേട്ടയിൽ കേരളം കുതിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം നീച പ്രവൃത്തികൾക്കെതിരെ പ്രതികരിക്കുന്നവരെ കേസ് എടുത്ത് നിശബ്‌ദരാക്കാം എന്നത് പോലീസിന്റെ വ്യാമോഹം മാത്രമാണ്. ഇത്തരം നടപടികളിൽ നിന്ന് കേരള പോലീസ് പിൻമാറണമെന്നും നാഷണൽ വിമൻസ് ഫ്രണ്ട് ആവശ്യപ്പെട്ടു.

Advertisment