Advertisment

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ സ്വന്തം നിലയിൽ നിയമ പോരാട്ടത്തിനൊരുങ്ങി കന്യാസ്ത്രീ

New Update

publive-image

Advertisment

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട വിചാരണക്കോടതി വിധിക്കെതിരെ സ്വന്തം നിലയിൽ നിയമ പോരാട്ടത്തിനൊരുങ്ങി കന്യാസ്ത്രീ. ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകും. സേവ് ഔവർ സിസ്റ്റേഴ്സ് ആയിരിക്കും കന്യാസ്ത്രീക്ക് ആവശ്യമായ നിയമ സഹായം നൽകുക. കന്യാസ്ത്രീ മഠത്തിൽ തുടർന്ന് തന്നെയാകും നിയമ പോരാട്ടമെന്ന് സേവ് ഔവർ സിസ്റ്റേഴ്സ് ഫോറം അറിയിച്ചു.

''വിധിയിൽ നിരവധി പോരാമയ്മകളുണ്ട്. കന്യാസ്ത്രീ താമസിയാതെ മാധ്യമങ്ങളെ കാണും. ഇരക്ക് ആവശ്യമായ സഹായങ്ങളെല്ലാം എസ് ഓ എസ് നൽകും. ഫ്രാങ്കോ മുളക്കലുമായി സൗഹൃദം ഉണ്ടായിരുന്നെങ്കിൽ ബിഷപ്പ് മഠത്തിൽ വരുന്നത് വിലക്കുമായിരുന്നില്ല. ഇരയുടെ മൊഴിയിൽ കുത്തും കോമയും കുറഞ്ഞത് നോക്കി ആയിരുന്നില്ല സുപ്രധാനമായ ഈ കേസിൽ കോടതി വിധി പറയേണ്ടിയിരുന്നത്''. വിചാരണക്കോടതി വിധിക്കെതിരെ സർക്കാരും ഉടൻ അപ്പീൽ നൽകണമെന്നും സേവ് ഔവർ സിസ്റ്റേഴ്സ് ഫോറം കൺവീനർ ഫാ അഗസ്റ്റിൻ വട്ടോളി ആവശ്യപ്പെട്ടു. ഉന്നത കോടതികളിൽ നിന്നും ഇരക്ക് നീതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ഫാ. അഗസ്റ്റിൻ വട്ടോളി കൂട്ടിച്ചേർത്തു.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോ കേസിൽ അതിവേഗം അപ്പീൽ നൽകാനുള്ള സാധ്യത പൊലീസും തേടി. കോട്ടയം ജില്ലാ പൊലീസ് മേധാവി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂറ്ററോട് നിയമോപദേശം തേടി. നിയമോപദേശത്തിന് ശേഷം അപ്പീൽ നൽകാൻ ഡിജിപി മുഖേന സർക്കാരിന് കത്ത് നൽകും. അടുത്ത ആഴ്ച തന്നെ നടപടികൾ പൂ‍ർത്തിയാക്കാനാണ് പൊലീസിന്‍റെ നീക്കം.

Advertisment