മധു വധക്കേസ്: കൊലയാളികളുടെ നിലപാട് തന്നെ സർക്കാരും സ്വീകരിക്കുന്നു; വെൽഫെയർ പാർട്ടി

New Update

publive-image

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിൽ സർക്കാർ പ്രോസിക്യൂഷന്റെ നിലപാട് മധുവിന്റെ കൊലയാളികളുടേതിന് സമാനമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ. ആദിവാസികളുടെ ജീവന് ഒരു വിലയുമില്ലെന്ന കൊലയാളികളുടെ സമീപനം തന്നെയാണ് കേസ് നടത്തിപ്പിൽ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ ആദിവാസി സമൂഹത്തോടുള്ള ഇടതു സർക്കാരിന്റെ നിലപാടിന്റെ പ്രതിഫലനമാണ്.

Advertisment

പരസ്യമായി ജനക്കൂട്ടവും പിന്നീട് പോലീസും മധുവെന്ന ആദിവാസി ചെറുപ്പക്കാരനെ തല്ലിക്കൊന്നത് ഞെട്ടലോടെയാണ് നാട് കണ്ടത്. ഇത്രയും പ്രധാനമായ ഒരു കേസിൽ സർക്കാർ പുലർത്തിയ നിസ്സംഗത കൊലയാളികളുടെ പക്ഷം ചേരലാണ്. കൊലപാതകം നടന്ന് നാലു വർഷം കഴിഞ്ഞിട്ടും വിചാരണ പോലും ആരംഭിച്ചിട്ടില്ല. ആദ്യം നിയമിച്ച പ്രോസിക്യൂട്ടർ സൗകര്യങ്ങൾ പോരെന്നു പറഞ്ഞു ഒഴിഞ്ഞു. രണ്ടാമത് നിയമിച്ച പ്രോസിക്യൂട്ടർ ഇന്നുവരെ കോടതിയിൽ ഹാജരായിട്ടില്ല. ഇപ്പോൾ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നാണ് നിയമവകുപ്പ് മന്ത്രി പറയുന്നത്.

രാഷ്ട്രീയ നിയമനമാണ് പ്രോസിക്യൂട്ടർമാരുടെതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സർക്കാരും ഭരണകക്ഷിയും ഈ കേസിൽ ഒട്ടും താത്പര്യം കാണിക്കാത്തത് കൊണ്ടാണ് പ്രോസിക്യൂട്ടർമാർക്ക് നിരുത്തരവാദ സമീപനം സ്വീകരിക്കാൻ കഴിഞ്ഞത്. സമൂഹത്തിൽ ശക്തിയും സ്വാധീനവും ഉള്ളവരുടെ കാര്യത്തിൽ ഈ സമീപനം സ്വീകരിക്കില്ല. അട്ടപ്പാടിയിലെ ആദിവാസികൾക്ക് എല്ലാ കാലത്തും സർക്കാരുകൾ സാമാന്യ പരിഗണന പോലും നൽകാറില്ല. അതിന്റെ തുടർച്ച തന്നെയാണ് കേസ് നടത്തിപ്പിൽ പ്രതിഫലിക്കുന്നത്.

മധുവിന്റെ കുടുംബത്തിന് നീതി നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വെറും കാപട്യമായിരുന്നു. പുതിയ പ്രോസിക്യൂട്ടർ നിയമനം വലിച്ചിഴച്ച് കേസ് നടത്തിപ്പ് ദുർബലമാക്കാൻ ഇനിയും സർക്കാർ ശ്രമിക്കരുത്. ആവശ്യമായ നടപടി വേഗത്തിൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വരും ദിവസങ്ങളിൽ വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Advertisment